ആക്രമിക്കുന്നവരെ ഇനി അടിച്ചോടിക്കാം

കോട്ടയം: ശാരീരിക ആക്രമണങ്ങളെ അഞ്ച് സെക്കന്‍റിനകം പ്രതിരോധിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കാനുള്ള കേരള പൊലീസിന്‍െറ ജനമൈത്രി-സുരക്ഷാ പദ്ധതി ജില്ലയില്‍ ആരംഭിച്ചു. ആക്രമിക്കുന്നവരെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കായികവിദ്യകളുള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുള്ള പരിശീലനമാണ് ജില്ലയിലുടനീളം നടപ്പാക്കുക. ഇതിന് നേതൃത്വം നല്‍കാന്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരുമടങ്ങുന്ന 50പേര്‍ക്ക് എം.ഡി സെമിനാരി ഹൈസ്കൂളില്‍ പരിശീലനം തുടങ്ങി. അഞ്ചുദിവസത്തെ പരിശീലനത്തിലൂടെ മാസ്റ്റര്‍ ട്രെയ്നര്‍മാരാകുന്ന ഇവരെ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളാക്കും. ഓരോ ഗ്രൂപ്പും ഒരുമാസം 500പേര്‍ക്ക് പരിശീലനം നല്‍കും. അടുത്ത നാലുമാസം കൊണ്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20,000പേരെ സ്വയരക്ഷക്ക് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സ്കൂളുകള്‍, കോളജുകള്‍, ഓഫിസുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുക. എം.ഡി. സെമിനാരി സ്കൂളില്‍ നടന്ന പരിശീലനത്തിന്‍െറ ഉദ്ഘാടനം ഡിവൈ.എസ്.പി ടി.എ. ആന്‍റണി നിര്‍വഹിച്ചു. കൗണ്‍സിലര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ. തോമസ്, ഹെഡ്മാസ്റ്റര്‍ കെ. ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഡിവൈ.എസ്.പി(അഡ്മിനിസ്ട്രേഷന്‍) മുഹമ്മദ് കബീര്‍ റാവുത്തര്‍ സ്വാഗതവും വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫിലോമിന നന്ദിയും പറഞ്ഞു. പൊലീസ് വകുപ്പ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും പദ്ധതിയുടെ സംസ്ഥാനതല കോഓഡിനേറ്ററുമായ പി.എസ്. രാജശേഖരന്‍, പൊലീസ് ഉദ്യോഗസ്ഥരായ ടി.സി. ജയന്‍, സജീവ്, ജയമേരി എന്നിവര്‍ നേതൃത്വം നല്‍കുന്ന മാസ്റ്റര്‍ ട്രെയ്നര്‍മാരുടെ പരിശീലനം 28ന് അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.