എം.ജിയിലെ മനോജ് ജോര്‍ജിനും ഐശ്വര്യലക്ഷ്മിക്കും ദേശീയ പുരസ്കാരം

കോട്ടയം: രാജ്യത്തെ മികച്ച എന്‍.എസ്.എസ്. വാളന്‍റിയര്‍മാര്‍ക്കുള്ള 2014-15ലെ ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം കോട്ടയം ബസേലിയസ് കോളജിലെ മനോജ് ജോര്‍ജും പാലാ അല്‍ഫോന്‍സ കോളജിലെ ആര്‍. ഐശ്വര്യലക്ഷ്മിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് ഏറ്റുവാങ്ങി. അരലക്ഷം രൂപയും മെഡലും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മനോജ് ജോര്‍ജ് എം.ജി സര്‍വകലാശാലയെ പ്രതിനിധാനം ചെയ്ത് 2015ലെ റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുത്തിരുന്നു. ഇരുവരും 2014 ആഗസ്റ്റില്‍ തൃശൂരില്‍ നടന്ന പ്രീ.ആര്‍.ഡി ക്യാമ്പിലും ഒക്ടോബറില്‍ തമിഴ്നാട് ശ്രീപെരുംപുതൂര്‍ രാജീവ് ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്‍റില്‍ നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. രക്തദാനം, രക്തഗ്രൂപ് നിര്‍ണയ ക്യാമ്പ്, പ്രഥമശുശ്രൂഷ ബോധനക്ളാസ്, അരോഗ്യസര്‍വേ, നേത്രദാന ബോധന ക്ളാസ്, പൂന്തോട്ടപരിപാലനം, സ്തീശാക്തീകരണ പരിപാടി, നിയമസാക്ഷരത ക്ളാസുകള്‍, അനാഥാലയ സന്ദര്‍ശനം, എന്‍.എസ്.എസ് കലാജാഥ, ലഹരിവിരുദ്ധ പരിപാടികള്‍, ജൈവകൃഷി, സിവില്‍ സര്‍വിസ് ഓറിയന്‍േറഷന്‍ പദ്ധതി തുടങ്ങിയ മേഖലകളില്‍ സജീവമായി മനോജ് ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നു. പ്രഥമശുശ്രൂഷ ക്ളാസുകള്‍, കൗമാരക്കാരിലെ പോഷകാഹര പ്രശ്നങ്ങള്‍, മുളങ്കാടുകള്‍ രൂപപ്പെടുത്തല്‍, ലഹരിവിരുദ്ധ പോസ്റ്റര്‍ മത്സരം, ദത്തെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ സര്‍വേ, പച്ചക്കറി വിത്തുകളുടെ വിതരണം, ജൈവകൃഷി സംബന്ധമായ ശില്‍പശാല സംഘടിപ്പിക്കല്‍ എന്നിവയില്‍ ഐശ്വര്യലക്ഷ്മി സജീവമായിരുന്നു. കഴിഞ്ഞവര്‍ഷത്തെ മികച്ച എന്‍.എസ്.എസ് യൂനിറ്റിനും പ്രോഗ്രാം കോഓഡിനേറ്റര്‍ക്കുമുള്ള ദേശീയ പുരസ്കാരവും മഹാത്മ ഗാന്ധി സര്‍വകലാശാലക്ക് ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.