ശാശ്വതീകാനന്ദയുടെ മരണം: ധര്‍മവേദിയുടെ ഇടപെടല്‍ നിര്‍ണായകം

തൊടുപുഴ: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് കൈംബ്രാഞ്ച് അന്വേഷണം പഴുതടച്ചാകണമെന്ന നിര്‍ദേശവുമായി ശ്രീനാരായണ ധര്‍മവേദി. സംഭവത്തില്‍ എസ്.എന്‍.ഡി.പിയുടെ സമീപനം പൊതുസമൂഹത്തില്‍ സൃഷ്ടിച്ച സംശയങ്ങള്‍ ദൂരീകരിക്കണമെന്ന നിര്‍ദേശമാണ് ഗോകുലം ഗോപാലന്‍ ചെയര്‍മാനും ബിജു രമേശ് ജനറല്‍ സെക്രട്ടറിയുമായ വേദി മുന്നോട്ടുവെക്കുന്നത്. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറിനുമെതിരെയുള്ള ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതി മുമ്പാകെ അറിയിച്ച പശ്ചാത്തലത്തില്‍ വേദിയുടെ ഇടപെടല്‍ നിര്‍ണായകമാണ്. ഈഴവ സമുദായത്തിന്‍െറ ആത്മീയ കേന്ദ്രമായ ശിവഗിരിയുടെ മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ധര്‍മവേദി ഇതുവരെ അഭിപ്രായം പറഞ്ഞിരുന്നില്ല. സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ഇപ്പോഴത്തെ മഠാധിപതി സ്വാമി പ്രകാശാനന്ദ അഭിപ്രായപ്പെട്ടതോടെ കാര്യങ്ങള്‍ക്ക് മാറ്റം വന്നു. അന്വേഷണം സുതാര്യമല്ളെന്ന ധാരണ പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നത് സര്‍ക്കാറിന് ക്ഷീണമാണ്. ശിവഗിരിയിലെ പൊലീസ് ഓപറേഷനുമായി ബന്ധപ്പെട്ട് എ.കെ. ആന്‍റണി സര്‍ക്കാറിനെതിരെ ശാശ്വതീകാനന്ദ നടത്തിയ രഥയാത്രയും മറ്റും ഇടതുമുന്നണിയെ അധികാരത്തിലേറ്റിയതിന് സഹായകമായെന്ന് യു.ഡി.എഫിന് അറിയാം. എസ്.എന്‍.ഡി.പിയെക്കാള്‍ സമുദായത്തില്‍ സ്വാധീനമുള്ളത് ശിവഗിരിക്കാണെന്ന വസ്തുത തള്ളിക്കളയാനാകില്ല. എ.ഡി.ജി.പി അനന്തകൃഷ്ണന്‍െറ നേതൃത്വത്തിലെ പൊലീസ് ഓഫിസര്‍മാരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിന്‍െറ നേതൃത്വത്തിലാകണം അന്വേഷണമെന്ന് ധര്‍മവേദി നിര്‍ദേശിക്കുന്നു. അന്വേഷണം മുന്‍നിര്‍ത്തി വെള്ളാപ്പള്ളിയും മകനും എസ്.എന്‍.ഡി.പി ഭാരവാഹിത്വത്തില്‍നിന്ന് ഒഴിയണം. വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കാണുന്നതിന് പകരം അന്വേഷണ ഉദ്യോഗസ്ഥന്‍െറ മുമ്പാകെ വിളിച്ചുവരുത്തി ചോദ്യംചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളിയെ മാറ്റാനായി ശാശ്വതീകാനന്ദ ശ്രമിച്ചതിനെ ത്തുടര്‍ന്നാണ് ഇരുവരും തെറ്റിയതെന്ന് ചൂണ്ടിക്കാട്ടുന്ന വേദി, തിരുവനന്തപുരത്തുവെച്ച് പരസ്യമായി അവര്‍ ഇടഞ്ഞതിന് സാക്ഷിയായ മുന്‍ ദേവസ്വം സെക്രട്ടറി എം.ബി. ശ്രീകുമാറടക്കമുള്ളവരെ സാക്ഷിയായി വിസ്തരിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് വേണ്ട ഒത്താശചെയ്ത ഇപ്പോഴത്തെ പ്രസിഡന്‍റ് ഡോ. എം.എന്‍. സോമന്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ. അനിലകുമാരി, സ്വാമിയുടെ ഡ്രൈവര്‍ സുഭാഷ്, കൊലചെയ്തെന്ന് ആരോപണമുയര്‍ന്ന പള്ളുരുത്തിക്കാരന്‍ പ്രിയന്‍െറ പിതാവ് തുടങ്ങിയവരെ സാക്ഷിയാക്കിയെങ്കില്‍ മാത്രമെ എല്ലാ തെളിവുകളും വെളിയില്‍ വരൂവെന്ന് വേദി വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.