ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതംവെക്കും

കോട്ടയം: യു.ഡി.എഫ് നിലനിര്‍ത്തിയ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാന്‍ ധാരണയായെങ്കിലും ആദ്യ ഊഴം ആര്‍ക്കെന്നതിനെ ചൊല്ലി അനിശ്ചിതത്വം. കൂടുതല്‍ അംഗങ്ങളുള്ള തങ്ങള്‍ക്ക് ആദ്യം പ്രസിഡന്‍റ് സ്ഥാനം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍, കഴിഞ്ഞതവണ കൂടുതല്‍ സീറ്റുണ്ടായിട്ടും ആദ്യം കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനാല്‍ ഇത്തവണ തങ്ങള്‍ക്ക് വേണമെന്നാണ് കേരള കോണ്‍ഗ്രസിന്‍െറ ആവശ്യം. ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ചൊവ്വാഴ്ച ചര്‍ച്ച നടത്തും. പ്രസിഡന്‍റ് സ്ഥാനത്തിനനുസരിച്ചാവും വൈസ് പ്രസിഡന്‍റ് സ്ഥാനത്തിന്‍െറ കാര്യത്തില്‍ തീരുമാനമുണ്ടാവുക. തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് വീതംവെക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഏറെ തര്‍ക്കം നടന്നിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുപാര്‍ട്ടികളും 11 സീറ്റില്‍ വീതം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് ആറ് അംഗങ്ങളുമാണുള്ളത്. 22 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ്-14, എല്‍.ഡി.എഫ്-എട്ട് എന്നിങ്ങനെയാണ് കക്ഷിനില. 19നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും വൈസ് പ്രസിഡന്‍റിന്‍െറയും തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ കൂടുതല്‍ സീറ്റുകളുണ്ടായിട്ടും കോണ്‍ഗ്രസിന് ആദ്യം പ്രസിഡന്‍റ് സ്ഥാനം വിട്ടുകൊടുത്തതാണ് ഇത്തവണ ആദ്യ പ്രസിഡന്‍റുസ്ഥാനം ഉന്നയിക്കുന്നതിന് കേരള കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞവര്‍ഷം കേരള കോണ്‍ഗ്രസിനായിരുന്നു കുടുതല്‍ അംഗങ്ങള്‍. കേരള കോണ്‍ഗ്രസിന് പത്തും കോണ്‍ഗ്രസിന് ഒമ്പതും അംഗങ്ങളാണുണ്ടായിരുന്നത്. കോണ്‍ഗ്രസ് ആദ്യം പ്രസിഡന്‍റ് പദം എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ഇടപെട്ട് ഇടുക്കിയുമായി ബന്ധപ്പെടുത്തി ഫോര്‍മുല രൂപപ്പെടുത്തുകയായിരുന്നു. ഇതനുസരിച്ച് വൈസ് പ്രസിഡന്‍റുസ്ഥാനം ആദ്യം കേരള കോണ്‍ഗ്രസെടുത്തശേഷം കോട്ടയത്തെ പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കി. ഇതിനുപകരം, കൂടുതല്‍ അംഗങ്ങളുണ്ടായിട്ടും കോണ്‍ഗ്രസ് ഇടുക്കിയിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുസ്ഥാനം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തു. കോണ്‍ഗ്രസിലെ രാധാ വി.നായരായിരുന്നു കഴിഞ്ഞതവണ കോട്ടയത്ത് ആദ്യം പ്രസിഡന്‍റായത്. രണ്ടാംഘട്ടത്തില്‍ കേരള കോണ്‍ഗ്രസിലെ നിര്‍മല ജിമ്മി പ്രസിഡന്‍റായി. ജില്ലാ പഞ്ചായത്തിലെ ആദ്യ ഊഴം ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. കഴിഞ്ഞതവണ ഇടുക്കി പകരം നല്‍കിയാണ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തത്. അതിനാല്‍ കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കാന്‍ എന്തവകാശമാണെന്നും ഇവര്‍ ചോദിക്കുന്നു. അതേസമയം, ഇത്തവണ ഇടുക്കിയില്‍ അവകാശവാദം കേരള കോണ്‍ഗ്രസ് ഉന്നയിക്കുന്നില്ളെന്നും അതിനാല്‍ കോട്ടയത്ത് ആദ്യ ഊഴം ലഭിക്കണമെന്നുമാണ് ഇവരുടെ നിലപാട്. ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഇരുപാര്‍ട്ടി നേതൃത്വവും പറയുന്നത്. അതിനിടെ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗം തിങ്കളാഴ്ച ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി വിളിച്ചിട്ടുണ്ട്. ഇതില്‍ പ്രസിഡന്‍റ് അടക്കമുള്ള സ്ഥാനങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. നഗരസഭാ ഭരണസമിതികളുടെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള നടപടികള്‍ക്കും ഡി.സി.സി നേതൃത്വം തുടക്കംകുറിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി വൈക്കം, ചങ്ങനാശേരി നഗരസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം ഞായറാഴ്ച വിളിച്ചിട്ടുണ്ട്. പാര്‍ലമെന്‍ററി നേതാവ് അടക്കമുള്ളവരെ ഇതില്‍ തീരുമാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.