ക്രിസ്മസ് രാവിന്‍െറ പ്രഭ വിതറി പാലായില്‍ ‘ഹോളിനൈറ്റ്’

പാലാ: കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഹോളിനൈറ്റ്’ പരിപാടി ക്രിസ്മസ് രാത്രിയുടെ ചൈതന്യം പാലാക്കാര്‍ക്ക് അനുഭവവേദ്യമാക്കി. മാലാഖമാര്‍ പാടിയ സമാധാനഗാനത്തെ ഓര്‍മിപ്പിച്ച് ആയിരക്കണക്കിന് യുവജനങ്ങളാണ് കരോള്‍ ഗാനം പാടി പാലായില്‍ ഒത്തുചേര്‍ന്നത്. കെ.സി.വൈ.എം സംഘടിപ്പിച്ച തിരുപ്പിറവി സന്ദേശ റാലിയിലും പാപ്പാ മത്സരത്തിലും പങ്കെടുക്കാന്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് യുവജനങ്ങളത്തെി. റെയിന്‍ഡിയറുകളുടെ മുകളിലേറിയ സാന്താക്ളോസുമാരും ആടുകളെ ചുമലിലേന്തിയ ആട്ടിടയന്മാരും പൊന്നും മീറയും കുന്തിരിക്കവും കൈയിലേന്തിയ പൂജരാജാക്കന്മാരും റോഡിന് ഇരുവശവും തിങ്ങിക്കൂടിയവര്‍ക്ക് കാഴ്ചപ്പൂരമായി. കമ്പിത്തിരികളുടെയും പൂത്തിരികളുടെയും പ്രകാശം ചൊരിയുന്ന പ്ളോട്ടുകളുടെയും അകമ്പടിയോടെ ഒഴുകിനീങ്ങിയ തിരുപ്പിറവി സന്ദേശ റാലി കാണാന്‍ വന്‍ ജനാവലിയാണ് റോഡിന് ഇരുവശവും കാത്തുനിന്നത്. പാലാ മരിയസദനം അണിയിച്ചൊരുക്കിയ സാന്താക്ളോസും പുല്‍ക്കൂടും കാണികളുടെ മനം കവര്‍ന്നു. യൗസേപ്പും മേരിയും മാലാഖമാരും ജ്ഞാനികളും വിവിധ ബൈബ്ള്‍ കഥാപാത്രങ്ങളും അണിനിരന്നതായിരുന്നു കരോള്‍ ഗാനസംഘങ്ങളുടെ റാലി.പാലാ ബിഷപ്സ് ഹൗസില്‍നിന്ന് ആരംഭിച്ച തിരുപ്പിറവി സന്ദേശ റാലി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി സുനീഷ് ബാബു ഫ്ളാഗ് ഓഫ് ചെയ്തു. മാര്‍ ജോസഫ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മോണ്‍. ഫിലിപ് ഞരളക്കാട്ട്, മോണ്‍. അബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍ ജോസഫ് കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലാ മുനിസിപ്പല്‍ കോംപ്ളക്സിനു മുന്നില്‍ റാലി സമാപിച്ചു. വിജയികള്‍ക്ക് നഗരസഭാ അധ്യക്ഷ ലീന സണ്ണി അവാര്‍ഡുകള്‍ വിതരണം ചെയ്തു. കുര്യാക്കോസ് പടവന്‍, മിനി പ്രിന്‍സ്, ഫാ. ജോസഫ് ആലഞ്ചേരില്‍, എബി ജെ. ജോസ്, ജോബിന്‍ ഒട്ടലാങ്കല്‍, സി. ഷൈനി, ബ്രദര്‍ മനു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.