സര്‍ക്കാര്‍ സബ്സിഡി കാത്ത് 2.08 ലക്ഷം കര്‍ഷകര്‍

കോട്ടയം: വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ റബര്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ പദ്ധതിയിലേക്ക് അപേക്ഷിച്ചവരില്‍ 2.08 ലക്ഷത്തിനും ആനുകൂല്യമില്ല. രജിസ്ട്രേഷന്‍ ആരംഭിച്ച് ആറുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നീക്കിവെച്ച 300 കോടിയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് 46 കോടി മാത്രം. അതിനിടെ, ചെറുകിട കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമായി ഭൂരിഭാഗം വ്യാപാരികളും റബര്‍ വാങ്ങുന്നത് നിര്‍ത്തി. ഇതോടെ നിത്യച്ചെലവുകള്‍ അവതാളത്തിനായതിനൊപ്പം റബര്‍ വിറ്റതിന്‍െറ ബില്ലുകള്‍ സമര്‍പ്പിക്കാനും കഴിയാത്ത ചെറുകിട കര്‍ഷകര്‍ കടുത്ത ദുരിതത്തിലായി. ജൂലൈ നാലുമുതല്‍ ഒക്ടോബര്‍ 15 വരെയുള്ള കര്‍ഷകരുടെ ബില്ലുകളില്‍ മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ ബില്ലുകള്‍ സമര്‍പ്പിക്കാമെന്നതിനാല്‍ സബ്സിഡി കാത്ത് ലക്ഷക്കണക്കിന് ബില്ലുകള്‍ കെട്ടിക്കിടക്കുകയുമാണ്. കഴിഞ്ഞദിവസം വരെ വിലസ്ഥിര പദ്ധതിയിലേക്ക് 3.08 ലക്ഷം കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2.67 ലക്ഷം പേരുടെ അപേക്ഷകള്‍ക്ക് റബര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതിനുപുറമേ, ആര്‍.പി.എഫുകളിലും അപേക്ഷ കെട്ടിക്കിടക്കുന്നുണ്ട്. ഇതും കണക്കിലെടുക്കുമ്പോള്‍ മൊത്തം 3.5 ലക്ഷം കര്‍ഷകര്‍ പദ്ധതിയുടെ പരിധിയില്‍ വരുമെന്നതാണ് റബര്‍ ബോര്‍ഡിന്‍െറ കണക്ക്. സംസ്ഥാനത്ത് 12 ലക്ഷത്തോളം റബര്‍ കര്‍ഷകരുണ്ട്. ഇതില്‍ ചെറിയൊരു ശതമാനം മാത്രമാണ് പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയത്. നേരത്തേ പ്രഖ്യാപിച്ച സംഭരണങ്ങള്‍ പാളിയതോടെ സര്‍ക്കാറിന്‍െറ വാക്കുകളില്‍ കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് അപേക്ഷകരുടെ എണ്ണം കുറയാന്‍ കാരണമെന്ന് കര്‍ഷകസംഘടനകള്‍ പറയുന്നു. ആദ്യം പദ്ധതിയിലേക്ക് അപേക്ഷിച്ച കര്‍ഷകരില്‍ ചിലര്‍ക്ക് ഒന്നിലധികം തവണ തുക ലഭിച്ചതിനാല്‍ സഹായം ലഭിക്കാത്തവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് ഹെക്ടറില്‍ താഴയുള്ളവര്‍ക്ക് മാത്രമേ പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയൂവെന്നതും വിവിധ നിബന്ധനകളുള്ളതും അപേക്ഷകരുടെ എണ്ണം കുറയാന്‍ കാരണമായെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പദ്ധതിയിലൂടെ വിതരണം ചെയ്യാനായി ആറുകോടി രൂപകൂടി ബാങ്കുകള്‍ക്ക് കൈമാറിയതായും മൊത്തം 59 കോടിക്ക് അനുമതി നല്‍കിയതായും ഇവര്‍ പറയുന്നു. ഓരോ ദിവസവും വില താഴേക്കുപോകുന്നതിനാല്‍ റബര്‍ വാങ്ങി സൂക്ഷിക്കുന്നത് നഷ്ടമാകുമെന്നതിനാലാണ് ഭൂരിഭാഗം ഇടത്തരം വ്യാപാരികളും റബര്‍ വാങ്ങുന്നത് നിര്‍ത്തിയത്. വ്യവസായികള്‍ ആഭ്യന്തര വിപണിയില്‍നിന്ന് കാര്യമായി റബര്‍ വാങ്ങാത്തതിനാല്‍ വ്യാപാരികളുടെ പക്കലും റബര്‍ കെട്ടിക്കിടക്കുകയാണ്. ഇതോടെ ഉല്‍പാദിപ്പിച്ച റബര്‍ കുറഞ്ഞവിലക്ക് പോലും വിറ്റഴിക്കാന്‍ കഴിയാതെ ദുരിതത്തിലാണ് റബര്‍ കര്‍ഷകരില്‍ വലിയൊരുവിഭാഗം. ചിലയിടങ്ങളില്‍ റബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിലയേക്കാള്‍ വളരെ താഴ്ത്തിയാണ് വ്യാപാരികള്‍ റബര്‍ വാങ്ങുന്നതെന്നും ആക്ഷേപമുണ്ട്. റബര്‍ കിലോക്ക് 150 രൂപ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച വിലസ്ഥിര പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് സബ്സിഡി ആനുകൂല്യത്തിന് ഒരോ രണ്ടാഴ്ച കൂടുമ്പോഴും റബര്‍ വിറ്റതിന്‍െറ ബില്ലുകള്‍ സമര്‍പ്പിക്കാം. വ്യാപാരികള്‍ വാങ്ങാത്തതിനാല്‍ ബില്ലുകള്‍ സമര്‍പ്പിക്കാനും കഴിയാതെ രൂക്ഷമായ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ബില്ല് നല്‍കിയ ദിവസത്തെ റബര്‍ ബോര്‍ഡ് വിലയും 150 രൂപയും തമ്മിലുള്ള അന്തരമാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നല്‍കുന്നത്. വില നൂറിനുതാഴേക്ക് പോയതോടെ 300 കോടിരൂപ വേഗത്തില്‍ തീരുമെന്നതാണ് സ്ഥിതി. ഇത് മുന്നില്‍കണ്ട് മന$പൂര്‍വം ധനവകുപ്പ് തുകവിതരണം വൈകിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.