തൊടുപുഴ: സംസ്ഥാനത്ത് പല ജില്ലകളിലും ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുകള്‍ക്ക് സാമൂഹിക നീതി വകുപ്പിന്‍െറ നിര്‍ദേശം. ശൈശവ വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്. ഇടുക്കിയില്‍ മാത്രം ചൈല്‍ഡ് ലൈനിന്‍െറയും പൊലീസിന്‍െറയും നേതൃത്വത്തില്‍ ഈവര്‍ഷം 16 കേസുകള്‍ കണ്ടത്തെി തടഞ്ഞു. പുറത്ത് വരുന്ന വിവരത്തെക്കാള്‍ ഇരട്ടി ശൈശവ വിവാഹങ്ങള്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ടെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വ്യക്തമാക്കുന്നു. തമിഴ് അതിര്‍ത്തി ഗ്രാമങ്ങളിലും ആദിവാസി പിന്നാക്ക മേഖലകള്‍ കേന്ദ്രീകരിച്ചുമാണ് ശൈശവ വിവാഹങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശൈശവ വിവാഹം നടത്തുന്നവര്‍ക്കും ഒത്താശ ചെയ്യുന്നവര്‍ക്കും വരനും കാര്‍മികത്വം വഹിക്കുന്നവര്‍ക്കും രണ്ടു വര്‍ഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസ് രജിസ്റ്റര്‍ ചെയ്താല്‍ ജാമ്യമില്ലാത്ത കുറ്റവുമാണ്. എന്നാല്‍, ഫലപ്രദമായി നടപടിയെടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തിയതാണ് ശൈശവ വിവാഹങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇടുക്കി ജില്ലയില്‍ മറയൂര്‍, മൂന്നാര്‍ മേഖലകളില്‍ ശൈശവ വിവാഹങ്ങള്‍ വ്യാപകമായുണ്ട്. എന്നാല്‍, പരാതികള്‍ ലഭിക്കാത്തതാണ് പൊലീസിനെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും വലക്കുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയാല്‍ ഇവരില്‍നിന്ന് കൈയേറ്റമടക്കമുള്ള പ്രതിഷേധവും നേരിടേണ്ടിവരും. വിവാഹത്തിന്‍െറ പേരില്‍ കുട്ടികളെ കടത്തുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഓരോ ജില്ലയിലും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ശൈശവ വിവാഹ നിരോധന ഓഫിസര്‍മാര്‍ക്കും അനുബന്ധ ഉദ്യോഗസ്ഥര്‍ക്കുമായി ദ്വിദിന പരിശീലനം ആരംഭിച്ചു. ബ്ളോക്കുതലത്തില്‍ ഐ.സി.ഡി.എസ് പദ്ധതിയിലെ ചൈല്‍ഡ് ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫിസര്‍മാരെ ശൈശവ വിവാഹ നിരോധന ഓഫിസര്‍മാരായി ചുമതലപ്പെടുത്തി. മൂന്നു മാസം കൂടുമ്പോള്‍ ശൈശവ വിവാഹ നിരോധന ഓഫിസര്‍മാര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഈ റിപ്പോര്‍ട്ടും സ്ഥിതി വിവരക്കണക്കുകളും സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറാനും നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.