റബര്‍ വിലയിടിവ്: നട്ടം തിരിഞ്ഞ് മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍

കോട്ടയം: റബര്‍ വിലയിടിഞ്ഞതോടെ സംസ്ഥാനത്തെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായി. റബര്‍ കൃഷി മുഖ്യവരുമാനമായി കണ്ടിരുന്ന കോട്ടയം ആസ്ഥാനമായ പ്ളാന്‍േറഷന്‍ കോര്‍പറേഷനും (പി.സി.കെ), പുനലൂര്‍ ആസ്ഥാനമായ സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനും (എസ്.എഫ്.സി), റീഹാബിലിറ്റേഷന്‍ പ്ളാന്‍േഷന്‍സുമാണ് (ആര്‍.പി.എല്‍) വിലയിടിവിനെ തുടര്‍ന്ന് നിലനില്‍പ് പ്രതിസന്ധിയിലായത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി പ്ളാന്‍േറഷന്‍ കോര്‍പറേഷന് 16,185 ഏക്കറിലും ഫാമിങ് കോര്‍പറേഷന് 2100 ഏക്കറിലും റീഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍സിന് 1600 ഏക്കറിലുമാണ് റബര്‍ കൃഷി. വിലയിടിവ് മൂന്നു സ്ഥാപനങ്ങളുടെയും മുഖ്യവരുമാനത്തെ തന്നെ ബാധിച്ചു. ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും എസ്റ്റേറ്റിനെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന പതിനായിരത്തോളം തൊഴിലാളികളും ദുരിതത്തിലായി. റബറിന് വില കത്തിനിന്നപ്പോള്‍ പ്രതിവര്‍ഷം 120-140 കോടിവരെയായിരുന്നു പി.സി.കെയുടെ വരുമാനം. 20-30 കോടിയായിരുന്നു എസ്.എഫ്.സിക്കും ആര്‍.പി.എല്ലിന്‍െറയും വാര്‍ഷിക വരുമാനം. എന്നാല്‍, റബര്‍ വില നൂറില്‍ താഴെയായതോടെ വരുമാനം ഗണ്യമായി കുറഞ്ഞു. പി.സി.കെയുടെ വരുമാനത്തില്‍ 70 ശതമാനത്തിന്‍െറവരെ കുറവുണ്ടായതായാണ് കണക്ക്. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ റബര്‍ കൃഷിക്ക് പുറമെ 16,200 ഏക്കറില്‍ കശുവണ്ടിയും 1785 ഏക്കറില്‍ ഓയില്‍പാമും കൃഷി ചെയ്യുന്നുണ്ട്. ഇതില്‍നിന്നുള്ള വരുമാനമാണ് പി.സി.കെയുടെ നിലനില്‍പെങ്കിലും ഇവയുടെ ഉല്‍പാദനക്കുറവും വിലയിടിവും കോര്‍പറേഷനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായി കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. കോര്‍പറേഷന്‍െറ കാസര്‍കോട്ടെ കശുമാങ്ങ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി ഇതിനകം 50 കോടിയോളം രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നതും പ്രതിസന്ധി രൂക്ഷമാക്കി. ഫലത്തില്‍ നിലനില്‍പിനായുള്ള പോരാട്ടത്തിലാണ് പി.സി.കെ. അതിനിടെ കോര്‍പറേഷന്‍െറ എല്ലാ തോട്ടങ്ങളിലും പച്ചക്കറിയടക്കം മറ്റ് കൃഷികളുടെ വ്യാപനവും ഊര്‍ജിതമാക്കി. ഒരിഞ്ചു ഭൂമിപോലും തരിശിടാതെ കൃഷികള്‍ക്കായി വിനിയോഗിക്കാനുള്ള തീരുമാനവും സ്ഥാപനം നടപ്പാക്കിവരികയാണ്. എന്നാല്‍, റബറില്‍നിന്നുള്ള ആദായം കൊണ്ടുമാത്രം മുന്നോട്ടുപോകുന്ന മറ്റ് രണ്ടു കോര്‍പറേഷനുകളും നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പോലും ബുദ്ധിമുട്ടുകയാണെന്ന് കോര്‍പറേഷന്‍ വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രതിസന്ധിയുടെ ഗൗരവം സര്‍ക്കാറിനെ അറിയിച്ചു. റബറിന് 240 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ദൈനംദിന ചെലവുകള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്നതും തൊഴിലാളികളുടെ ആനുകൂല്യം വര്‍ധിപ്പിച്ചതും തിരിച്ചടിയായെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. വില ഉയരാനുള്ള സാധ്യതകളൊന്നും തല്‍ക്കാലം ഇല്ലാത്തതിനാല്‍ നിലനില്‍പിനായി ഇവരും പി.സി.കെ മാതൃകയില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. ഫാമിങ് കോര്‍പറേഷന് പമ്പ നിലക്കലിടക്കം ഏറ്റവും മികച്ച തോട്ടങ്ങളാണുള്ളത്. ആര്‍.പി.എല്ലിന് തെന്മല ഭാഗത്താണ് തോട്ടം. പി.സി.കെ നിലവില്‍ അതിരപ്പള്ളിയിലും ചാലക്കുടിയിലും പച്ചക്കറി കൃഷി വ്യാപകമാക്കി. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ അറിയിച്ചു. നഷ്ടത്തിന്‍െറ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ളെന്ന് പി.സി.കെ എം.ഡി പറഞ്ഞു. വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ആവര്‍ത്തന-പുതുകൃഷി വേണമോയെന്ന ആലോചനയിലാണ് മൂന്നു സ്ഥാപനങ്ങളും. വിലയിടിവ് മുമ്പും ഈ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തേതു പോലെയുള്ള കനത്ത തിരിച്ചടി നേരിട്ടിട്ടില്ളെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.