പുനലൂർ: ദേശീയപാത 744ൽ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ദൂരത്തിൽ പാതക്ക് ഇരുവശത്തും അപകടനിലയിലായ മരങ്ങൾ വാഹനയാത്രക്ക് ഭീഷണിയാകുന്നു. ഈ ഭാഗത്തുള്ള നൂറുകണക്കിന് കുടുംബങ്ങളും ആശങ്കയിലാണ്. അടുത്തകാലത്തായി മരങ്ങൾ ഒടിഞ്ഞും പിഴുതും വീണ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ഭീഷണിയായുള്ളവ മുറിക്കാൻ ദേശീയപാത, വനം, റെയിൽവേ അധികൃതർ തയാറാകുന്നില്ല. കാലവർഷം എത്തുന്നതോടെ ഇതുവഴിയുള്ള ഗതാഗതവും പാതയോരത്തുള്ള വീടുകൾക്കും ഇത്തരം മരങ്ങൾ കടുത്ത ഭീഷണി ഉയർത്തും. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ തെന്മല പതിമൂന്ന് കണ്ണറയിലും ആര്യങ്കാവ് മുരുകൻ പാഞ്ചാലിലും മരങ്ങൾ വീണ് അപകടമുണ്ടായി. മുരുകൻ പാഞ്ചാലിൽ വ്യാഴാഴ്ച വൈകീട്ട് മരം പാതക്ക് കുറുകെ വീണ് കാർ തകർന്നു. കേരള--തമിഴ്നാട് പാതയിൽ മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഏഴുവർഷം മുമ്പ് തെന്മല ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ പാലമരം വീണ് മൂന്നു യാത്രക്കാർ മരിച്ച സംഭവം ഇനിയും നാട്ടുകാർ മറന്നിട്ടില്ല. കോട്ടവാസൽ വരെയായി 212 മരങ്ങൾ അപകടനിലയിലാെണന്നും അടിയന്തരമായി മുറിച്ചുമാറ്റാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ദേശീയപാത അധികൃതർ വനം വകുപ്പിന് കത്ത് നൽകിയിട്ട് ഒരു വർഷമായി. എന്നാൽ, ഇതിൽ വിരലിലെണ്ണാവുന്ന മരങ്ങളാണ് മുറിക്കാൻ അനുമതി ലഭിച്ചത്. ഇതിൽതന്നെ പലതും മുറിച്ചിട്ടില്ല. ദേശീയപാതയുടെ കൂടാതെ റവന്യൂ, വനം, റെയിൽവേ എന്നീ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടനിലയിലായ മരങ്ങളുള്ളത്. കൂറ്റൻ മരങ്ങളിൽ പലതും വളർച്ച മുറ്റി ഉണങ്ങിയും കേടായും നിൽക്കുന്നതാണ്. മിക്ക മരങ്ങളും ചുവട്ടിലെ മണ്ണ് മാറിയതിനാൽ വേര് തെളിഞ്ഞ് ചെറിയ കാറ്റിൽപോലും മറിയാവുന്ന നിലയിലാണ്. റെയിൽവേയുടെ ഗേജ് മാറ്റം നടക്കുന്നതിനാൽ മണ്ണ് മാറ്റിയതും മറ്റ് നിർമാണ പ്രവർത്തനവും കാരണം പല മരങ്ങളും അപകടനിലയിലാണ്. അപകടനിലയിലുള്ള കൂടുതൽ മരങ്ങളും വനം വകുപ്പിെൻറ അധീനതയിലുള്ള സ്ഥലത്താണ്. ഇത്തരം മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ വനം മന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ. രാജുവിന് പലതവണ നിവേദനം നൽകിയിട്ടും പരിഹാരമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.