സഹകരണ ആരോഗ്യ കോൺക്ലേവിന്റെ സ്വാഗതസംഘം രൂപവത്കരണം സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ബാബു ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: ആതുരസേവന രംഗത്തെ ചൂഷണങ്ങൾക്കെതിരെ ബദൽ സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ സജീവമാകുമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി.സജിത് ബാബു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന് മുന്നോടിയായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹകരണ ആരോഗ്യ കോൺക്ലേവ് കൊല്ലത്ത് നടക്കും.
സഹകരണ ആശുപത്രികൾ ശക്തിപ്പെടുത്തൽ, പ്രാദേശികതലങ്ങളിലേക്ക് വ്യാപിപ്പിക്കൽ ഉൾപ്പെടെ ഭാവി പദ്ധതികൾ കോൺക്ലേവ് ചർച്ച ചെയ്യും. ബഹുരാഷ്ട്ര കുത്തക ഭീഷണിയെ അതിജീവിക്കാൻ സഹകരണ ആശുപത്രി മേഖലയെ ശക്തിപ്പെടുത്തുകയും അത്യാധുനിക ചികിത്സ സംവിധാനങ്ങൾ സജ്ജീകരിക്കുകയും ചെയ്യും. എല്ലാ ജില്ലകളിലും ഓരോ സെന്ററുകൾ സ്ഥാപിക്കുകയും താലൂക്കുകളിലെ ആശുപത്രികളെ ശക്തിപ്പെടുത്തുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യും. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപവത്കരിച്ച് എല്ലാ ജില്ലകളിലും 300 കിടക്കകളുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കും. പ്രാഥമിക സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തിലും ഇന്റഗ്രേറ്റഡ് മെഡിസിൻ & പ്രിവന്റീവ് ക്ലിനിക്ക് ആരംഭിക്കും. അലോപ്പതി, ആയുർവേദം, ജിം, യോഗാ വെൽനസ് എന്നീ വിഭാഗങ്ങൾ ഇതിലുണ്ടാകും.
എല്ലാ ജില്ലകളിലും സഹകരണ ആശുപത്രികൾ സ്ഥാപിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് ആരോഗ്യ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് 16ന് നടക്കുന്ന പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 800ലധികം സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. മന്ത്രി വീണ ജോർജ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല ജോയിന്റ് രജിസ്ട്രാർ ടി. സുരേഷ് കുമാർ, എൻ.എസ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ. മാധവൻ പിള്ള, സെക്രട്ടറി പി. ഷിബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.