മീ​ന​മ്പ​ലം ജ​ങ്ഷ​നി​ൽ അ​പ​ക​ട​ക്കു​ഴി​ക​ൾ

പരവൂർ: പാരിപ്പള്ളി-പരവൂർ റോഡിൽ മീനമ്പലം ജങ്ഷനിലെ കുഴികൾ നിരന്തരം അപകടം വിതക്കുന്നു. കുടിവെള്ളവിതരണ പൈപ്പുകൾ തകർന്നിടത്ത് അറ്റകുറ്റപ്പണി നടത്തിയ കുഴികൾ കൃത്യമായി അടക്കാത്തതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. അടുത്തടുത്ത് കുഴികളുള്ളത് അപകടസാധ്യത വർധിപ്പിക്കുന്നു. ഒരേനിരയിൽ മൂന്ന് കുഴികളാണ് ഇവിടെയുള്ളത്. പൈപ്പ് ലൈൻ തകർന്ന് മാസങ്ങൾ കഴിഞ്ഞാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇത്തരത്തിൽ റോഡ് കുഴിച്ചാൽ ഉടൻതന്നെ ടാർ ഉപയോഗിച്ച് കുഴിയടച്ച് റോഡ് പൂർവ സ്ഥിതിയിലാക്കണമെന്ന് വ്യവസ്ഥയുള്ളതാണ്. റോഡിെൻറ അറ്റകുറ്റപ്പണിക്ക് പൊതുമാരാമത്ത് വകുപ്പിൽ ജോലിക്കാരുണ്ടായിരുന്നപ്പോൾ ഇത് ഏറെക്കുറെ കൃത്യമായി നടന്നിരുന്നു. ഈവിഭാഗം ഇപ്പോൾ നിലവിലില്ല. അതിനാൽ ഏതെങ്കിലും ആവശ്യത്തിന് റോഡ് കുഴിച്ചാൽ അവരവർ തന്നെ കോൺക്രീറ്റ് ചെയ്ത് കുഴിയടച്ച് റോഡ് സുരക്ഷിതമാക്കണമെന്നാണ് വ്യവസ്ഥ. ഗാർഹികാവശ്യത്തിന് പൈപ്പ് കണക്ഷൻ എടുക്കുന്നവർ സ്വന്തം ചെലവിൽ കുഴി കോൺക്രീറ്റിട്ട് അടക്കാറുണ്ട്. എന്നാൽ പൈപ്പുകൾ തകർന്നിടത്ത് റോഡ് കുഴിച്ചാൽ ജലവിഭവവകുപ്പ് ഒരിടത്തും ഇത് ചെയ്യാറില്ല. മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തുവരുന്നത്. ഈ മണ്ണ് ഏതാനും ദിവസത്തിനുള്ളിൽ ഇളകി അവിടങ്ങളിൽ കുഴികൾ രൂപംകൊള്ളുകയാണ്. പൊതുമരാമത്ത് വിഭാഗവും ഇത് കണ്ടതായി ഭാവിക്കുന്നില്ല. ദുരിതമനുഭവിക്കുന്ന ജനം അടുത്ത റീടാറിങ് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.