പു​ന​ലൂ​രി​ലെ ചൂ​ട്​ കു​റ​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന

പുനലൂർ: സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ ചൂടും കുടിവെള്ളക്ഷാമവും നേരിടുന്ന പുനലൂരിൽ പ്രകൃതിസംരക്ഷണത്തിന് പ്രത്യേകപരിഗണന നൽകുന്ന പദ്ധതികൾ നഗരസഭ ബജറ്റിൽ ഉൾപ്പെടുത്തി. ജലസ്രോതസ്സുകളുടെ സംരക്ഷണം, മാലിന്യസംസ്കരണം, കൃഷി, മരങ്ങൾ വെച്ചുപിടിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ് ആരംഭിക്കുന്നത്. ‘ആഗോളതാപനത്തിന് ഒരു ജനകീയ ബദൽ’ ആശയുമായി ഹരിതം പദ്ധതി നടപ്പാക്കും. ഇതിെൻറ ഭാഗമായി നഗരസഭയിലെ എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും ലൈറ്റുകൾ എൽ.ഇ.ഡിയാക്കും. ബി.പി.എൽ കുടുംബങ്ങൾക്ക് അഞ്ചു ലൈറ്റ് വരെ സൗജന്യമായി നൽകും. എ.പി.എൽ കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിലും ബൾബ് വിതരണംചെയ്യും. അരലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. മുഴുവൻ തോടുകളും വൃത്തിയാക്കി സംരക്ഷിക്കും. ചെമ്മന്തൂർ തോട്ടിൽ മാലിന്യം നിക്ഷേപിക്കാതിരിക്കാൻ വശത്ത് വേലികെട്ടി സംരക്ഷിക്കും. കല്ലടയാറ്റിൽ ചെങ്കുളം മുതൽ താന്നിമൂട് കടവു വരെയുള്ള 12 കിലോമീറ്റർ തീരത്ത് മുള നട്ടുപിടിപ്പിക്കും. പുലിമുട്ട് ആവശ്യമുള്ളയിടങ്ങളിൽ നിർമിക്കും. കല്ലടയാറ് മലിനമാകുന്നത് ശിക്ഷാർഹമായി പ്രഖ്യാപിച്ച് കർശനനടപടികൾ സ്വീകരിക്കും. കല്ലടയാർ സംരക്ഷണത്തിന് ഗ്രീൻ ബ്രിഗേഡ് രൂപവത്കരിക്കും. മാലിന്യം സംസ്കരണത്തിന് നിരവധി പദ്ദതികൾ വിഭാവനംചെയ്തു. അജൈവ മാലന്യം സംസ്കരിക്കുന്നതിന് 300 കലക്ഷൻ സെൻറർ സ്ഥാപിക്കും. പ്ലാച്ചേരിയിലെ മെറ്റീരിയൽ റിക്കവറി സെൻറർ ഈ വർഷം നിർമാണം പൂർത്തിയാക്കും. പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് സ്ഥാപിക്കും. 2017 മേയ് ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കും. ഭക്ഷണവിരുന്നിന് ഉപയോഗിക്കുന്ന ഡിസ്പോസിബിൾ സാധനങ്ങൾ നിരോധിക്കും. തുണി പേപ്പർബാഗ് നിർമാണ യൂനിറ്റുകൾ ആരംഭിക്കും. 2017ൽ പുനലൂരിൽ സമ്പൂർണ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപിക്കും. ദ്രവമാലിന്യങ്ങൾ പൊതു സ്ഥലത്തേക്കും ജലാശയങ്ങളിലേക്കും ഒഴുക്കുന്നത് നിയമംമൂലം തടയും. ജലസംഭരണത്തിനായി പുനലൂരിൽ പെയ്തിറങ്ങുന്ന മഴവെള്ളം ഭൂമിയിൽ താഴ്ത്തുന്നതിന് പദ്ധതി നടപ്പാക്കും. മഴവെള്ളസംഭരണികളുടെ നിർമാണം നിയമംമൂലം കർശനമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.