ഓയൂർ: പരമ്പരാഗത വ്യവസായമായ കൈത്തറി പ്രതിസന്ധികൾ നേരിട്ടതിെൻറ നേർക്കാഴ്ചയാവുകയാണ് കരിങ്ങന്നൂർ പുതുശ്ശേരി കൈത്തറി സഹകരണസംഘം. ഒരുകാലത്ത് വെളിനല്ലൂർ, ഇളമാട് ഗ്രാമങ്ങളിൽ കൈത്തറി വലിയൊരു കുടിൽവ്യവസായമായിരുന്നു. ചെറുഗ്രാമങ്ങൾ ഉണർന്നിരുന്നത് തറി ഓടത്തിെൻറ ഒച്ചകേട്ടായിരുന്നു. 1959ൽ കൈത്തറി നെയ്ത്തിനെ വ്യവസായമായി സർക്കാർ അംഗീകരിച്ചു. തുടർന്ന് നെയ്ത്തുകാർ അംഗങ്ങളായ നിരവധി സംഘങ്ങൾ ചെറുഗ്രാമങ്ങളിൽ രൂപംകൊണ്ടു. അതോടെ കൈത്തറി വ്യവസായരംഗത്ത്് വൻകുതിപ്പുകളാണ് ഉണ്ടായത്. തൊഴിൽ സുരക്ഷയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമായതിനെ തുടർന്ന് മേഖലയിൽ തൊഴിലാളികൾ ചേക്കേറുകയായിരുന്നു. കൈത്തറിത്തുണികൾ വിദേശമാർക്കറ്റുകൾ പോലും കൈയടക്കിയിരുന്നു. മാറിമാറിവന്ന സർക്കാറുകൾ ഈ മേഖലക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ല. അതോടെ പ്രതിസന്ധിയുടെ കരിമേഘങ്ങൾ കാർന്നുതിന്നാൻ തുടങ്ങി. പലിശക്കെടുത്ത് സംഘങ്ങൾ മുന്നോട്ടു കൊണ്ടുപോയെങ്കിലും കടക്കെണിയിലായി ജപ്തിഭീഷണി നേരിടുന്ന അവസ്ഥയിൽ ഉൗർധ്വശ്വാസം വലിക്കുകയാണ് കരിങ്ങന്നൂർ, 504, ആക്കൽ, കണ്ണംകോട്, ഓയൂർ, വെളിയം പടിഞ്ഞാറ്റിൻകര പ്രദേശങ്ങളിലെ നിരവധി കൈത്തറി സഹകരണസംഘങ്ങൾ. നൂലുകളിൽ ഉപയോഗിച്ചിരുന്ന ചായത്തിനും രാസവസ്തുക്കൾക്കും വില കുതിച്ചുയർന്നു. കരിങ്ങന്നൂർ പുതുശ്ശേരി കൈത്തറിസഹകരണസംഘത്തിന് 1977 ഒക്ടോബർ 14ന് ആണ് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.എം. മാണി തറക്കല്ലിട്ടത്. രണ്ട്് വർഷത്തിനുശേഷം 1979 ജനുവരി 12ന് പി.കെ. വാസുദേവൻനായർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സംഘം ഉദ്ഘാടനം ചെയ്തു. മൂന്നര പതിറ്റാണ്ടുകൾക്കുശേഷം ഇനിയും ഒരു സ്വപ്നഗ്രാമം പൂവണിയുമോ എന്ന പ്രത്യാശപോലും ശേഷിക്കുന്നില്ല എന്നതാണ് വാസ്തവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.