ജനകീയ സമിതിയുടെ നേതൃത്വത്തിൽ അയത്തിൽ ജങ്ഷനിൽ നടത്തിയ നിൽപ് സമരം
കൊട്ടിയം: മൈലക്കാട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൂണുകളിൽ മേൽപ്പാലവും ഉയരപ്പാതയും നിർമിക്കണമെന്ന ആവശ്യം ഉയർത്തിക്കൊണ്ടുള്ള ജനകീയ സമരങ്ങൾ കൂടുതൽ ശക്തമാകുന്നു. ആർ.ഇ വാൾ ഉപയോഗിച്ചുള്ള ദേശീയപാത നിർമാണം കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമല്ലെന്നും തൂണുകളിൽ മേൽപ്പാലവും റോഡും നിർമിക്കുന്നത് പരിഗണിക്കാമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെയാണ് കൂടുതൽ ഇടങ്ങളിൽ പ്രത്യക്ഷ സമര പരിപാടികളുമായി സംയുക്ത സമരസമിതികളും ജനകീയ സമിതികളും രംഗത്തെത്തിയിട്ടുള്ളത്.
ആർ.ഇ വാളിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റ കൊട്ടിയത്തും നിർമാണം നടന്നുകൊണ്ടിരിക്കെ റോഡിൽ വിള്ളൽ രൂപപ്പെട്ട പറക്കുളത്തും ആറിനു മുകളിൽ മേൽപ്പാലം കെട്ടിവച്ചിരിക്കുന്ന അയത്തിലുമാണ് സമരം ശക്തമായിട്ടുള്ളത്. അയത്തിൽ ജങ്ഷനിൽ തൂണുകളിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യവുമായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളായ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നിൽപ് സമരം സംഘടിപ്പിച്ചു. ഇവിടെ രണ്ടിടങ്ങളിലും അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി അയത്തിൽ ജനകീയ സമിതി ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്.
ആറിനു മുകളിൽ തൂണുകൾ കെട്ടിവെച്ചിരിക്കുന്നതിനാൽ അയത്തിൽ ജങ്ഷനിൽ റോഡ് തകർന്നുവീഴാനിടയുണ്ടെന്ന് ജനകീയ സമിതി ആരോപിക്കുന്നു. ജങ്ഷന് തെക്കും വടക്കും ഭാഗങ്ങളിൽ തൂണുകളിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. സംസ്ഥാന ഹൈവേ ബൈപാസ് റോഡ് മുറിച്ചു കടന്നുപോകുന്ന ജങ്ഷനുകളിൽ ഒന്നാണ് അയത്തിൽ.
റോഡിൽ വിള്ളൽ രൂപപ്പെടുകയും പ്രത്യേക മിശ്രിതം ഉപയോഗിച്ച് വിള്ളൽ അടക്കുകയും കലക്ടർ അടക്കം സ്ഥലം സന്ദർശിക്കുകയും ചെയ്ത പറക്കുളം ഭാഗത്ത് റോഡിന് ഇരുവശവും ചതുപ്പ് പ്രദേശങ്ങൾ ആയതിനാൽ ഉയരപ്പാത തൂണുകളിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പറക്കുളം ജനകീയ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്തിവരികയാണ്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെയും റിലേ സത്യഗ്രഹ വേദിയിൽ എത്തുന്നത്. മുമ്പ് റോഡുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുക്കാതിരുന്ന എം.എൽ.എമാരും ജനപ്രതിനിധികളും ഇപ്പോൾ സമരങ്ങളിൽ പങ്കെടുക്കുന്നത് സമരങ്ങൾ നടത്തുന്ന ജനകീയ സമിതിക്കും സംയുക്ത സമരസമിതിക്കും ആശ്വാസമാണ്. കൊല്ലത്തിന്റെ ഉപഗ്രഹ നഗരം എന്നറിയപ്പെടുന്ന കൊട്ടിയത്തും തുറന്ന പാലത്തിനായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ റിലേ സായാഹ്ന ധർണ തുടർന്നു വരികയാണ്.
കൊട്ടിയം മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ധർണയുടെ ഉദ്ഘാടനം സേവ് കരുനാഗപ്പള്ളി ഫോറം ചെയർമാനും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റുമായ കെ.ജെ. മേനോൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി ചെയർമാൻ എസ്. കബീർ അധ്യക്ഷത വഹിച്ചു. കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ, റൈസിങ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് റോസാരിയോ, പുല്ലാങ്കുഴി സന്തോഷ്, ബാബുൽ ഖൈർ കൂട്ടായ്മ രക്ഷാധികാരി നജീം മേലെവിള, മൈത്രി സംഘം പ്രസിഡന്റ് താഹ, കൊട്ടിയം പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡന്റ് ഗോപൻ, പറക്കുളം ജനകീയ സമിതി കൺവീനർ താഹ പറക്കുളം എന്നിവരും വിവിധ സംഘടന പ്രതിനിധികളും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.