പ്രതീകാത്മക ചിത്രം

40ൽ 38 മാർക്ക് കിട്ടിയിട്ടും ട്യൂഷൻ മാസ്റ്റർക്ക് പോരാ, പെൺകുട്ടിക്ക് ക്രൂരമർദനം; ‘ക്ലാസിലെ മറ്റ് കുട്ടികൾക്കും തല്ലുകിട്ടി, കൈവെള്ള തടിച്ച് നീരുവെച്ചു’

അഞ്ചൽ (കൊല്ലം): ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് ട്യൂഷൻമാസ്റ്റർ പെൺകുട്ടിയെ ക്രൂരമായി തല്ലിയതായി രക്ഷാകർത്താക്കളുടെ പരാതി. കൈവെള്ളയിൽ അടി കൊണ്ടതിനെ തുടർന്ന് വിരൽ പൊട്ടിയ നിലയിൽ പെൺകുട്ടി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഏരൂർ നെട്ടയം ഗവ. ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷൻ സെന്‍ററിന്‍റെ ഉടമയും കണക്ക് അധ്യാപകനുമായ രാജീവ് എന്നയാൾക്കെതിരെ പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ ഏരൂർ പൊലീസിലും കെ.എസ്.ആർ.ടി.സി അധികൃതർക്കും പരാതി നൽകി. കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരനാണ്​ രാജീവ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഏതാനും ദിവസങ്ങളായി ട്യൂഷൻ സെന്‍ററിൽ സ്കൂൾ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെ സ്പെഷ്യൽ നൈറ്റ് ക്ലാസ് ഉണ്ടായിരുന്നു. നാൽപത് കുട്ടികളാണ് ട്യൂഷന് എത്തിയത്. കണക്ക് പരീക്ഷയിൽ നാൽപതിൽ താഴെ മാർക്ക് വാങ്ങിയ 38 കുട്ടികൾക്കും തല്ലുകിട്ടി. കൈവിരൽ പൊട്ടിയ കുട്ടിക്ക് 38 മാർക്കാണ് ലഭിച്ചത്. അടിയേറ്റ് മറ്റ് പല കുട്ടികളുടെയും കൈവെള്ള തടിച്ച് നീരുവന്ന നിലയിലാണ്.

സംഭവത്തെ തുടർന്ന് ഏതാനും രക്ഷകർത്താക്കൾ ട്യൂഷൻ സെന്‍ററിലെത്തി സ്ഥാപനത്തിന്‍റെ ബോർഡും മറ്റും തകർത്തു. വിദ്യാർഥികളെ ട്യൂഷൻ മാസ്റ്റർ മാനസികമായി ഏറെ സമ്മർദ്ദത്തിലാക്കുകയാണെന്നും ഇതുമൂലം കുട്ടികൾക്ക് ഉറക്കം പോലും ഇല്ലാതായെന്നും രക്ഷകർത്താക്കൾ പറഞ്ഞു. ട്യൂഷൻ മാസ്റ്ററോട് വിവരങ്ങളന്വേഷിച്ചപ്പോൾ രക്ഷാകർത്താക്കളോട്​ ധിക്കാരപരമായാണ് സംസാരിച്ചതെന്നും പറയുന്നു.  

Tags:    
News Summary - Tuition master brutally tortures students for failing to score in exams in Anchal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.