കുളത്തൂപ്പുഴ: ചളിക്കെട്ടിൽ കാൽവഴുതി വീഴാതിരിക്കാൻ സാഹസികതയുള്ളവർക്ക് മാത്രമേ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്താൻ കഴിയൂ. ആശുപത്രി കവാടത്തിനു മുന്നിൽ പൊലീസ് സ്റ്റേഷൻ മതിൽ കെട്ടിനും സ്കൂൾമതിലിനുമിടയിൽ ചളിവെള്ളക്കെട്ട് രൂപം കൊണ്ടിട്ട് നാളുകളേറെയായി. ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോഴും ആശുപത്രിക്ക് മുന്നിെല ചളിക്കെട്ട് നീക്കം ചെയ്യാൻ പോലും അധികൃതർ തയാറാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ഏക വഴിയാണ് ചളിക്കെട്ടായത്. കാലവർഷമെത്തിയതോടെ ഇരുവശത്തുനിന്നും ഒഴുകിയെത്തുന്ന മഴവെള്ളം മലിനജലവുമായി കലർന്ന് റോഡിനു മധ്യത്തായി കെട്ടിക്കിടക്കുകയാണ്. ഇതിലൂടെ മാത്രമേ പനിയും മറ്റു പകർച്ചവ്യാധികളുമായി പുലർച്ച മുതൽ ചികിത്സ തേടിയെത്തുന്നവർക്ക് ആശുപത്രിയിലെത്താൻ കഴിയൂ. ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തതിനാൽ മണിക്കൂറുകളോളം കാത്തു നിന്നാൽ മാത്രമേ ചികിത്സ തേടി മരുന്നുമായി മടങ്ങാൻ കഴിയൂ. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പേരിൽ വൻ തുക ചെലവഴിക്കുന്ന ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രിക്ക് മുന്നിലെ ചളിക്കെട്ട് കണ്ടില്ലെന്ന് നടിക്കുന്നത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.