പുനലൂര്‍: അഴിമതി ആരോപണ വിധേയനായ പുനലൂര്‍ നഗരസഭ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ബഹിഷ്കരിച്ച് കുത്തിയിരിപ്പ് സമരം നടത്തി. സമരക്കാര്‍ സെക്രട്ടറിയെ തടഞ്ഞുവെച്ചത് വാക്കേറ്റത്തിന് ഇടയാക്കി. ശനിയാഴ്ച വൈകീട്ട് മൂന്നോടെ കൗണ്‍സില്‍ ഹാളിലാണ് ഇരുകൂട്ടരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. കൗണ്‍സില്‍ മൂന്നിന് കൂടുമെന്ന് അംഗങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മൂന്നിനു മുമ്പ് കൗണ്‍സില്‍ തുടങ്ങിയതിനെ സമയത്തിന് എത്തിയ യു.ഡി.എഫ് അംഗങ്ങള്‍ ചോദ്യംചെയ്തു. കൂടാതെ കഴിഞ്ഞ കൗണ്‍സിലിന്‍െറ മിനിറ്റ്സും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതു നല്‍കാന്‍ ഭരണപക്ഷം തയാറാകാതായതോടെ യു.ഡി.എഫുകാര്‍ ബഹളമുണ്ടാക്കി. ആരോപണ വിധേയനായ ചെയര്‍മാന്‍ രാജിവെക്കണമെന്ന് ആവശ്യം ഉന്നയിച്ചു. ഇതിനെച്ചൊല്ലി ഇരുകൂട്ടരും വാക്കേറ്റമുണ്ടായി. അവസാനം യു.ഡി.എഫുകാര്‍ കൗണ്‍സില്‍ ബഹിഷ്കരിച്ച് ചെയര്‍മാനെതിരെ മുദ്രവാക്യം വിളിച്ചു. യു.ഡി.എഫ് അംഗങ്ങളുടെ ബഹിഷകരണവും ബഹളവും വകവെക്കാതെ കൗണ്‍സില്‍ കൂടി അജണ്ടയിലുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്ത് അഞ്ചോടെ പിരിഞ്ഞു. ഈ സമയം കൗണ്‍സില്‍ ഹാളില്‍നിന്ന് പുറത്തേക്കുവന്ന സെക്രട്ടറി എ.എസ്. നൈസാമിനെ കുറേനേരം സമരക്കാര്‍ തടഞ്ഞുവെച്ചു. പ്രതിപക്ഷത്തിന്‍െറ ആവശ്യങ്ങള്‍ കാബിനില്‍ ചര്‍ച്ച നടത്താമെന്ന സെക്രട്ടറിയുടെ ഉറപ്പിനെ തുടര്‍ന്ന് സമരക്കാര്‍ പിന്മാറി. യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍, അംഗങ്ങളായ സാബുഅലക്സ്, ജി. ജയപ്രകാശ്, സഞ്ജു ബുഖാരി, എസ്. സനല്‍കുമാര്‍, വിളയില്‍ സഫീര്‍, എ. അബ്ദുല്‍ റഹീം തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്‍കി. പുനലൂര്‍ എസ്.ഐ എന്‍. സുനീഷിന്‍െറ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തത്തെിയിരുന്നു. കഴിഞ്ഞ കൗണ്‍സില്‍ യു.ഡി.എഫുകാരുടെ ബഹളത്തെ തുടര്‍ന്ന് മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.