കൊല്ലം: ജില്ലയുടെ പതിവ് ചായ്വിന് കാര്യമായ ഇളക്കമുണ്ടാകാത്ത ഫലമാകും ഇക്കുറിയും. ജില്ല പഞ്ചായത്തിലും കോർപറേഷനിലും നാലു നഗരസഭകളിൽ മൂന്നിടത്തും ഭരണമുള്ള ഇടതുപക്ഷത്തിന് നിലവിലെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാകാമെങ്കിലും അവ നഷ്ടമാകാൻ സാധ്യതയില്ല. മാത്രമല്ല നഗരസഭയിൽ നിലവിൽ യു.ഡി.എഫ് ഭരണമുള്ള പരവൂരും ഇടതിന് ലഭിച്ചാൽ അത്ഭുതമില്ല. അവിടെ മുസ്ലിം ലീഗ് ഒറ്റക്ക് മൽസരിക്കുന്നതടക്കം അനൈക്യം അത്രക്കുണ്ട് യു.ഡി.എഫിൽ.
11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നൊഴികെ കൈവശമുള്ള ഇടതിന് അവയിലേതെങ്കിലും നഷ്ടമാകുമെന്ന് യു.ഡി.എഫ് പോലും അവകാശപ്പെടുന്നില്ല. കഴിഞ്ഞ തവണ 67 ഗ്രാമപഞ്ചായത്തുകളിൽ 43ലും ഭരണം നേടിയ എൽ.ഡി.എഫിന് ഇക്കുറി എണ്ണത്തിൽ മാറ്റമുണ്ടാകാമെങ്കിലും മുൻതൂക്കം കുറയില്ല. അഞ്ചിൽ കുറയാത്ത പഞ്ചായത്തുകളെങ്കിലും ബി.ജെ.പി നിർണായകമാകും. രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനുകളിലെങ്കിലും അവരുടെ പ്രകടനം മികച്ചതാവും. യു.ഡി.എഫും ജില്ല പഞ്ചായത്തിൽ നില മെച്ചപ്പെടുത്തിയേക്കാം.
കൊല്ലം കോർപറേഷനിൽ അടിയൊഴുക്കിനുള്ള സാധ്യത കൂടുതലാണ്. എ.കെ. ഹഫീസിനെ യു.ഡി.എഫ് മേയർ സ്ഥാനാർഥിയാക്കിയപ്പോൾ തന്നെ അത് വ്യക്തമാണ്. ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള കൊല്ലത്ത് കോർപ്പറേഷനായശേഷം ഇതുവരെ ആ സമുദായത്തിൽ നിന്ന് ഒരു മേയർ വന്നില്ലെന്ന മുറുമുറുപ്പ് ചിലഭാഗത്തുനിന്നെങ്കിലും ഉയരുന്നുണ്ട്. മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലങ്കിലും മുതിർന്ന നേതാവ് വി.കെ. അനിരുദ്ധനെ സി.പി.എം മൽസരിപ്പിക്കുന്നത് അടിയൊഴുക്ക് പ്രതീക്ഷിച്ചാവണം. കോർപറേഷനും നഗരസഭകളും നാൽപതോളം പഞ്ചായത്തും പിടിക്കുമെന്നാണ് യു.ഡി.എഫ് അവകാശ വാദം. എൽ.ഡി.എഫാകട്ടെ പലയിടത്തും പ്രതിപക്ഷമില്ലാത്ത ഭരണമുണ്ടാകുമെന്നും കഴിഞ്ഞ തവണത്തേക്കാൾ നേട്ടമുണ്ടാക്കുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.