പുല്‍മേടിന് തീപിടിച്ചു; തൊണ്ടിവാഹനങ്ങള്‍ കത്തി

ശാസ്താംകോട്ട: ശുദ്ധജലതടാകതീരത്തെ പുല്‍മേടുകള്‍ക്ക് തീപിടിച്ചതിനെതുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍െറ ചുറ്റുവട്ടത്ത് സൂക്ഷിച്ചിരുന്ന നൂറിലധികം തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. നാലിടങ്ങളില്‍നിന്നത്തെിയ ഫയര്‍ഫോഴ്സ് യൂനിറ്റുകളും ഡി.ബി കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും മൂന്നുമണിക്കൂര്‍ പണിപ്പെട്ടാണ് തീ അണച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തീ പടര്‍ന്നുതുടങ്ങിയത്. വേനല്‍ കടുക്കുന്നതോടെ പുല്‍മേടുകള്‍ക്ക് തീപിടിക്കുന്നത് പതിവായതിനാല്‍ ആരുടെയും കാര്യമായ ശ്രദ്ധ പതിയാറില്ല. പുല്‍മേടുകള്‍ കത്തി മേലോട്ട് കയറിയ തീ തടാകതീരത്തെ കുന്നിന്‍പുറത്ത് സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷന്‍ ഭാഗത്തേക്കും പടര്‍ന്നു. ലോറി മുതല്‍ ഓട്ടോറിക്ഷ വരെ നൂറിലധികം വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരുന്നത് കത്തിനശിച്ചു. ഇവയുടെ ഇന്ധന ടാങ്ക് പൊട്ടി പെട്രോളും ഡീസലും ഒഴുകിയത് തീ ശക്തമാകാന്‍ കാരണമായി. തടാകതീരവും പൊലീസ് സ്റ്റേഷന്‍ പരിസരവും ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്‍െറ ചുറ്റുവട്ടവുമെല്ലാം പുകയില്‍ മുങ്ങിയത് തീയണയ്ക്കുന്നതിന് തടസ്സമായി. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കുണ്ടറ, ചവറ എന്നിവിടങ്ങളില്‍നിന്ന് എട്ട് ഫയര്‍ഫോഴ്സ് വാഹനങ്ങളത്തെി തീയണയ്ക്കാന്‍ പരിശ്രമിച്ചു. ഇവര്‍ എത്തുമ്പോഴേക്കും തൊണ്ടിവാഹനങ്ങള്‍ക്ക് തീ പിടിച്ചുകഴിഞ്ഞിരുന്നു. വിവിധ കേസുകളില്‍പെട്ട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിവാഹനങ്ങളുടെ കണക്ക് പൊലീസ് എടുത്തുവരുകയാണ്. ശാസ്താംകോട്ട ശുദ്ധജലതടാകതീരം ഇപ്പോള്‍ സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്. ഇവര്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളില്‍നിന്നാണ് പുല്‍മേടുകളിലേക്ക് തീ പടരുന്നത്. മദ്യലഹരിയില്‍ പുല്‍മേടിന്‍െറ ഏതെങ്കിലും കോണില്‍ തീയിടുന്നവരും ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.