ജലക്ഷാമം രൂക്ഷം; പൊതുകിണറുകള്‍ നവീകരിക്കാന്‍ നടപടിയില്ല

വെളിയം: ജലക്ഷാമം രൂക്ഷമാവുമ്പോഴും വെളിയം, കരീപ്ര എന്നീ പഞ്ചായത്തുകളിലെ പൊതുകിണറുകള്‍ നവീകരിക്കാന്‍ നടപടിയില്ല. ഭൂരിഭാഗം കിണറുകളും കാടുകയറി നശിക്കുകയാണ്. വെളിയത്തെ വെളിയം കോളനി, സൊസൈറ്റി മുക്ക്, പരുത്തിയറ, വട്ടമണ്‍തറ, ചെറുകരക്കോണം, കട്ടയില്‍, കളപ്പില, ചെന്നാപ്പാറ, തുറവൂര്‍, ചെപ്ര എന്നീ പ്രദേശങ്ങളില്‍ നിരവധി പൊതുകിണറുകളും കുഴല്‍ക്കിണറുകളുമുണ്ട്. എന്നാല്‍ വേനല്‍ ശക്തമായതോടെ കിണറുകള്‍ നവീകരിക്കാന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കുന്നില്ളെന്ന ആക്ഷേപമാണുള്ളത്. മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്ന് കിണറുകളിലാണ് നിക്ഷേപിക്കുന്നത്. വെളിയം കോളനിയില്‍ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇവിടത്തെ പൊതുകിണര്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് പഞ്ചായത്തിന് നല്‍കിയിട്ടുള്ളത്. കിണറുകള്‍ നവീകരിക്കുന്നതിനായി സര്‍ക്കാര്‍ പഞ്ചായത്തിന് തുക നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് ഈ തുക പ്രയോജനപ്പെടുത്തിയിട്ടില്ല. അതിനാല്‍, പ്രദേശവാസികള്‍ കിണര്‍ വൃത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തുറവൂരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചെങ്കിലും ജലം കണ്ടത്തൊന്‍ സാധിച്ചില്ല. ഇവിടെ കുടിവെള്ളത്തിനായി നാട്ടുകാര്‍ പരക്കം പായുകയാണ്. മേഖലയില്‍ നിരവധി കുളങ്ങള്‍ ഉണ്ടെങ്കിലും കാടുകയറി മാലിന്യംനിറഞ്ഞ നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.