ചവറ: അങ്കണവാടി ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പന്മന ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ തര്‍ക്കം. തീരുമാനം ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പ്രസിഡന്‍റ് ഇറങ്ങിപ്പോയതോടെ വൈസ് പ്രസിഡന്‍റിന്‍െറ അധ്യക്ഷതയിലാണ് യോഗം തുടര്‍ന്നത്. പഞ്ചായത്തിലെ 51 അങ്കണവാടികളിലും താല്‍ക്കാലികമായി നിയമിച്ചുവന്നിരുന്ന ഹെല്‍പര്‍ തസ്തികയില്‍ സ്ഥിരം നിയമനം നടത്താനാണ് പഞ്ചായത്ത് മോണിറ്ററിങ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്. പൊതുസമ്മതരായ വ്യക്തികള്‍ ചേരുന്ന കമ്മിറ്റിയാകും നിയമന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നത്. 23 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഇടതിന് 12 അംഗങ്ങളോടെ ഭൂരിപക്ഷമുണ്ടെങ്കിലും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പന്മനയില്‍ യു.ഡി.എഫിനാണ്. മോണിറ്ററിങ് കമ്മിറ്റിയുടെ ചെയര്‍മാനും പ്രസിഡന്‍റാണ്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് അംഗങ്ങളില്‍ നാലെണ്ണം എല്‍.ഡി.എഫിനും ഒന്ന് യു.ഡി.എഫിനും നല്‍കാമെന്ന പഞ്ചായത്ത് ഭരണസമിതി നിര്‍ദേശമാണ് തര്‍ക്കത്തിന് കാരണമായത്. അഞ്ചില്‍ രണ്ട് വേണമെന്ന നിലപാട് യു.ഡി.എഫ് അറിയിച്ചെങ്കിലും എല്‍.ഡി.എഫ് അംഗീകരിച്ചില്ല. ഇതോടെ പ്രസിഡന്‍റ് ഉള്‍പ്പെടെ ഭരണസമിതി യോഗം ബഹിഷ്കരിക്കുന്നതായി അറിയിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൂട്ടായി പോകുന്ന പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍.ഡി.എഫ് ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് പുറത്തുവന്ന യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. സമിതിയിലെ സ്വതന്ത്ര അംഗവും യു.ഡി.എഫിനൊപ്പം ബഹിഷ്കരിച്ചു. എന്നാല്‍, വൈസ് പ്രസിഡന്‍റ് ജെ. അനിലിന്‍െറ അധ്യക്ഷതയില്‍ ഭരണസമിതി യോഗം തുടര്‍ന്നു. സുതാര്യമായി പോകുന്ന പഞ്ചായത്ത് ഭരണത്തില്‍ അനാവശ്യ രാഷ്ട്രീയ ഇടപെടലുകളാണ് യു.ഡി.എഫ് ബഹിഷ്കരണത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.