പുനലൂര്‍: കാലവര്‍ഷം ദുര്‍ബലമായതോടെ കല്ലട പരപ്പാര്‍ (തെന്മല ഡാം) ഡാം നിറക്കാന്‍ തുലാവര്‍ഷത്തില്‍ പ്രതീക്ഷ. ഡാമില്‍ പരമാവധി വെള്ളം സംഭരിക്കുന്നതിന്‍െറ ഭാഗമായി വൈദ്യുതി ഉല്‍പാദനം ഭാഗികമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ കാര്‍ഷിക ജലസേചന പദ്ധതിയായ കല്ലട പദ്ധതിയുടെ പരപ്പാര്‍ ഡാമിലാണ് ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥ സംജാതമായത്. കൃഷിക്ക് വെള്ളം നല്‍കുന്നതിലുപരി മുന്തിയ പരിഗണന ഇപ്പോള്‍ കുടിവെള്ളം നല്‍കുന്നതിനായതിനാല്‍ തുലാമഴ ചതിച്ചാല്‍ എല്ലാ പ്രതീക്ഷകളും തെറ്റുമെന്ന ആശങ്കയിലാണ് കെ.ഐ.പി അധികൃതര്‍. നീരൊഴുക്ക് കുറഞ്ഞതും തുലാമഴയില്‍ എത്രത്തോളം വെള്ളം ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാലുമാണ് ഡാമിനോട് അനുബന്ധിച്ചുള്ള വൈദ്യുതി വിതരണത്തിന് വെള്ളം നല്‍കുന്നത് ഭാഗികമാക്കിയത്. 115.68 മീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമില്‍ തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 98.45 മീറ്റര്‍ വെള്ളമേയുള്ളൂ. വെള്ളം കുറഞ്ഞതിനാല്‍ ഡാമിനോടനുബന്ധിച്ച് രണ്ടു ജനറേറ്ററുകളിലായി 15 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നത് കഴിഞ്ഞ ദിവസം മുതല്‍ ഒരു ജനറേറ്ററാക്കി പരിമിതപ്പെടുത്തി. ഡാമിലെ ജലനിരപ്പ് ആശാവഹമായിട്ടേ രണ്ടു ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് കെ.ഐ.പി അധികൃതര്‍ പറഞ്ഞു. വെള്ളം കുറഞ്ഞത് വനം വകുപ്പിന്‍െറയും ഇക്കോ ടൂറിസത്തിന്‍െറയും ബോട്ട് സവാരിയെയും പ്രതികൂലമായി ബാധിക്കുന്നു. ഡാം നിര്‍മിച്ച് 30 വര്‍ഷമായിട്ടും ഇക്കാലയളവില്‍ അടിഞ്ഞൂകൂടിയ എക്കലും മണ്ണും നീക്കം ചെയ്യാത്തത് സംഭരണശേഷി കുറക്കാന്‍ ഇടയാക്കുന്നു. ആകെ സംഭരണശേഷിയുടെ 35 ശതമാനം വരെ നികന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.