പത്തനാപുരം: അനാഥര്‍ക്കും അശരണര്‍ക്കും സമ്മതിദാന പ്രക്രിയയില്‍ പങ്കാളികളാകാന്‍ അവസരം ഒരുക്കി ഗാന്ധിഭവന്‍. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി രൂപം കൊടുത്ത സ്നേഹഗ്രാമം പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് 30ന് നടക്കും. രണ്ട് പാനലുകളായാണ് മത്സരം. സ്നേഹഗ്രാമം പഞ്ചായത്തില്‍ പാറുവമ്മ ബ്ളോക്, സ്നേഹരാജ്യം, ജീവകാരുണ്യം, ജീസസ് ഭവന്‍, ഗുരുകാരുണ്യം, സബര്‍മതി, ശാന്തിമന്ദിര്‍, ബത്ലഹേം, ഷെല്‍ട്ടര്‍ ഹോം എന്നിങ്ങനെ ഒമ്പത് വാര്‍ഡുകളാണുള്ളത്. ഓരോ വാര്‍ഡില്‍നിന്നും ഓരോ അംഗത്തെ തെരഞ്ഞെടുക്കും. എല്ലാ അന്തേവാസികള്‍ക്കും, ഗാന്ധിഭവന്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടാകും. ഗാന്ധിഭവനിലെ ശുചിത്വം, അച്ചടക്കം, കൃഷി എന്നിവയുടെ ചുമതലയാണ് സ്നേഹഗ്രാമം പഞ്ചായത്തിനുള്ളത്. പഞ്ചായത്ത് സമിതിയുടെ ഭരണകാലാവധി ഒരുവര്‍ഷമാണ്. സെപ്റ്റംബര്‍ 18നാണ് പത്രികാസമര്‍പ്പണം ആരംഭിച്ചത്. സൂക്ഷ്മപരിശോധനക്കുശേഷം സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കുകയും ചിഹ്നങ്ങള്‍ നല്‍കുകയും ചെയ്തു. ഓട്ടോയും ഫോണുമാണ് പാനലായി മത്സരിക്കുന്നവരുടെ ചിഹ്നങ്ങള്‍. കക്ഷിരഹിതന് വിമാനവും ചിഹ്നമായി നല്‍കി. 30ന് രാവിലെ ഏഴുമുതല്‍ പത്തുവരെയാണ് തെരഞ്ഞെടുപ്പ്. 10.30ന് വോട്ടെണ്ണല്‍ ആരംഭിക്കും. എണ്ണിത്തീരുന്നതിനനുസരിച്ച് ഫലപ്രഖ്യാപനവും നടക്കും. അന്നേദിവസം 11.30നുതന്നെ പഞ്ചായത്ത് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും ക്ഷേമകാര്യ ചെയര്‍മാനെയും തെരഞ്ഞെടുക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാവിലെ 11ന് പുതിയ പഞ്ചായത്ത് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. വിജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പാനലാണ് കഴിഞ്ഞ മൂന്നുവര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് ഭരിക്കുന്നത്. പോരുവഴി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും ഇപ്പോള്‍ ഗാന്ധിഭവനിലെ അന്തേവാസിയുമായ ദിവാകരന്‍െറ നേതൃത്വത്തിലുള്ള പാനലും മത്സരരംഗത്തുണ്ട്. പാനലിലൊന്നും പെടാതെ സ്ഥിരമായി സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുന്ന മുന്‍ പത്രപ്രവര്‍ത്തകന്‍ വി. ഗാനപ്രിയന്‍ ഇക്കുറിയും സജീവമായി മത്സരരംഗത്തുണ്ട്. ഗാന്ധിഭവന്‍ ചീഫ് ജനറല്‍ മാനേജര്‍ വിജയന്‍ ആമ്പാടിയാണ് ചീഫ് ഇലക്ഷന്‍ കമീഷണറായി തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്. ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാണ് എന്ന ചിന്തയിലൂടെ ഗാന്ധിഭവന്‍ കുടുംബാംഗങ്ങളെ ശക്തിപ്പെടുത്തുക കൂടിയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.