പത്തനാപുരം: ജില്ലയിലെ സിനിമാകൊട്ടകകളുടെ ഈറ്റില്ലമായിരുന്ന മലയോരമേഖലയില്‍ അവശേഷിക്കുന്നത് ഒരു തിയറ്റര്‍ മാത്രം. അതാകട്ടെ വാര്‍ധക്യത്തിന്‍െറ അവശതയിലും. പത്തോളം സിനിമാകൊട്ടകകളാണ് എണ്‍പതുകളില്‍ പത്തനാപുരം മേഖലയില്‍ ഉണ്ടായിരുന്നത്. സിനിമയെ ജീവനുതുല്യം സ്നേഹിച്ചിരുന്ന മലയോരകര്‍ഷകരുടെ ഇടയിലേക്ക് സിനിമയുടെ വെള്ളിവെളിച്ചമത്തെുന്നത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷമാണ്. നഗരമധ്യത്തില്‍ ഒതുങ്ങാതെ ഗ്രാമീണമേഖലകളില്‍ വരെ സിനിമാപ്രദര്‍ശനശാലകള്‍ ഉയര്‍ന്നു. പട്ടാഴി ‘തിലക’മാണ് ആദ്യം ഉയര്‍ന്ന സിനിമാകൊട്ടക. ഓലമേഞ്ഞ കെട്ടിടത്തില്‍ വലിച്ചുകെട്ടിയ വെള്ളത്തുണിയില്‍ താരങ്ങളുടെ പ്രകടനങ്ങള്‍ കാണാന്‍ പുനലൂര്‍, അടൂര്‍, കൊട്ടാരക്കര, അഞ്ചല്‍ എന്നിവിടങ്ങളില്‍ നിന്നുവരെ പട്ടാഴിയിലേക്ക് ആളുകള്‍ എത്തിയിരുന്നു. പിന്നീട് കുന്നിക്കോട് ചന്ദ്ര, എനാത്ത് എ.ആര്‍.എം, പട്ടാഴി റാഫി, പുന്നല തിയറ്റര്‍, പത്തനാപുരത്തെ സീമ, ലിറ്റ്ല്‍ സീമ, പിക്ചര്‍ പാലസ്, രാജേന്ദ്ര എന്നിവയും പ്രവര്‍ത്തിച്ചുതുടങ്ങി. മലയാളത്തിനുപരിയായി തമിഴ്, കന്നട സിനിമകളും വന്‍ ഹിറ്റുകളായി പത്തനാപുരത്തെ കൊട്ടകകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളായ തമിഴ്വംശജര്‍ വരെ ഇവിടേക്ക് എത്തിയിരുന്നു. അമ്പത് പൈസക്ക് മുന്നിലെ മണലില്‍ ഇരുന്ന് സിനിമകള്‍ ആസ്വദിച്ചവരാണ് മിക്കവരും. സിനിമ കണ്ടിറങ്ങിയാല്‍ 25 പൈസ മുടക്കി ആ സിനിമയുടെ തന്നെ പാട്ടുപുസ്തകവും സ്വന്തമാക്കുന്നതും പലരും പതിവാക്കിയിരുന്നു. ഫാന്‍സ് അസോസിയേഷനുകളുടെ അതിപ്രസരത്തിനുമുമ്പുതന്നെ റിലീസിങ് ദിനത്തില്‍ ഹൗസ് ഫുള്ളായിരിക്കും മിക്ക തിയറ്ററുകളും. ആദ്യകാലങ്ങളിലെ എല്ലാ സിനിമകളുടെയും പ്രധാന റിലീസിങ് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പത്തനാപുരം. എന്നാല്‍, കാലം മാറിയതോടെ ഓലമേഞ്ഞ സിനിമാകൊട്ടക കാഴ്ചവസ്തുവായി. സാമ്പത്തികനഷ്ടത്തിലേക്ക് കൂപ്പുകുത്തിയ തിയറ്ററുകള്‍ക്ക് പുനരുജ്ജീവനത്തിന്‍െറ പാത അസാധ്യമായി. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മിക്ക സിനിമാശാലകള്‍ക്കും താഴ്വീണു. നിലവില്‍ സീമ തിയറ്റര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പുനലൂര്‍, അടൂര്‍, കൊട്ടാരക്കര, അഞ്ചല്‍ എന്നിവിടങ്ങളിലെ തിയറ്ററുകള്‍ ഹൈടെക് രീതിയിലേക്ക് മാറുമ്പോള്‍ കാഴ്ചക്കാരാകാനേ പത്തനാപുരത്തെ ചലച്ചിത്രപ്രേമികള്‍ക്ക് കഴിയുന്നുള്ളൂ. നിരവധി നാളുകള്‍ സംസ്ഥാന ചലച്ചിത്ര വകുപ്പ് മന്ത്രി ഭരിച്ച നിയോജകമണ്ഡലം കൂടിയാണ് പത്തനാപുരം. എന്നിട്ടും ഈ മേഖലയില്‍ ഒരു വികസനവും ഉണ്ടായില്ല എന്നാണ് ചലച്ചിത്ര പ്രേമികള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.