കുളത്തൂപ്പുഴ: തകര്‍ച്ചയിലായ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ രക്ഷിക്കാനും പരിപോഷിപ്പിക്കാനുമായി വിവിധ പ്ളാനുകളും പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും കിഴക്കന്‍ മലയോരമേഖലയിലെ സ്കൂളുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. അധ്യയനവര്‍ഷം ആരംഭിച്ച് നാലുമാസം പിന്നിട്ടിട്ടും അധ്യാപകരെ നിയമിക്കാത്തത് പൊതുവിദ്യാഭ്യാസത്തെ അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് രക്ഷാകര്‍ത്താക്കള്‍ ആരോപിക്കുന്നു. ഓരോ അധ്യയനവര്‍ഷം അവസാനിക്കുമ്പോഴും സ്ഥലംമാറ്റം സംബന്ധിച്ച അപേക്ഷകള്‍ മുന്‍കൂട്ടി സ്വീകരിച്ച് ജൂണില്‍ തന്നെ സ്ഥലംമാറ്റവും ഒഴിവുള്ള തസ്തികകളിലേക്കുള്ള പുതിയ നിയമനവും നടത്തുന്നതാണ് പതിവ്. ഇക്കുറി മാസങ്ങള്‍നീണ്ട സ്ഥലംമാറ്റപ്രക്രിയയില്‍ താളംതെറ്റിയത് അധ്യാപകരുടെ എണ്ണം കുറഞ്ഞ എല്‍.പി സ്കൂളുകളിലെ അധ്യയനമാണ്. മുന്‍വര്‍ഷങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിച്ചിരുന്നെങ്കില്‍ ഇത്തവണ അനുമതി നല്‍കിയില്ല. കിഴക്കന്‍ മേഖലയിലെ ആദ്യകാല ആദിവാസി സ്കൂളായ ചെറുകര ട്രൈബല്‍ എല്‍.പി സ്കൂളിലും വനത്തിനു നടുവിലായുള്ള റോസുമല എല്‍.പി സ്കൂളിലും രണ്ട് അധ്യാപകര്‍ വീതമാണ് ഇപ്പോഴുള്ളത്. പ്രദേശത്തുതന്നെയുള്ള ഡാലി, ചോഴിയക്കോട്, വില്ലുമല എന്നീ എല്‍.പി സ്കൂളുകളിലും കുളത്തൂപ്പുഴ ഗവ. യു.പി സ്കൂളിലും അധ്യാപകരുടെ നിരവധി ഒഴിവുകളുണ്ട്. നിയമനം സംബന്ധിച്ച് ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ അന്വേഷിച്ചാല്‍ ഉടന്‍ ഉണ്ടാകുമെന്ന മറുപടി മാത്രമാണ് ലഭിക്കുക. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും വകുപ്പ് ഉന്നതര്‍ക്കും രക്ഷാകര്‍ത്താക്കളുടെ സംഘം നിവേദനം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.