ഭാരതീയ ചികിത്സാവകുപ്പിന്‍െറ ഋതു പദ്ധതി ജില്ലയില്‍ ആറ് സ്കൂളുകളില്‍

പുനലൂര്‍: കൗമാരത്തിലുള്ള പെണ്‍കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഭാരതീയ ചികിത്സാവകുപ്പ് മുഖാന്തരം നടപ്പാക്കുന്ന ഋതു പദ്ധതി ഇത്തവണ ജില്ലയില്‍ ആറ് സ്കൂളുകളില്‍ നടപ്പാക്കും. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍നിന്നും എച്ച്.എസ്, എച്ച്.എസ്.എസ് തലത്തിലുള്ള പെണ്‍കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇതിനായി 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പുനലൂര്‍ ഗവ.എച്ച്.എസ്.എസ്, ചടയമംഗലം ജി.എച്ച്.എസ്.എസ്, കണ്ണനല്ലൂര്‍ എം.കെ.എല്‍.എം എച്ച്.എസ്.എസ്, പുത്തൂര്‍ ജി.എച്ച്.എസ്.എസ്, പൂതുക്കുളം ജി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി ജി.എ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളുള്ള 200 പെണ്‍കുട്ടികളെ ഓരോ സ്കൂളില്‍നിന്നും തെരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നുമുതല്‍ ആറുമാസം വരെയാണ് കാലാവധി. തെരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ വിദഗ്ധപരിശോധനക്ക് വിധേയമാക്കി രോഗനിര്‍ണയത്തിന് ശേഷം ചികിത്സ ലഭ്യമാക്കും. ഒൗഷധിയില്‍ നിന്നുള്ള മരുന്നും കൂടാതെ ബോധവത്കരണവും നല്‍കും. ജില്ലയിലെ 30 സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഇതിനായി ലഭ്യമാക്കും. കഴിഞ്ഞവര്‍ഷം പരിശോധനക്ക് വിധേയമായ 5,500 കുട്ടികളില്‍ 979 പേര്‍ക്ക് രോഗംകണ്ടത്തെി ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ പറഞ്ഞു. ഋതു പദ്ധതിയിലൂടെ കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കി പഠനനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞതായും അധികൃതര്‍ സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.