ഇടപ്പാളയത്ത് തടയണ നിര്‍മാണം പൂര്‍ത്തിയായി; സമര്‍പ്പണം 23ന്

പുനലൂര്‍: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് കഴുതുരുട്ടിയാറിന് കുറുകെയുള്ള തടയണ-നടപ്പാലത്തിന്‍െറ പ്രവൃത്തി പൂര്‍ത്തിയായി. കഴുതുരുട്ടിയാറിന് മറുകരയിലുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള മാര്‍ഗമാണിത്. മുമ്പ് ഇവിടെയുണ്ടായിരുന്ന നടപ്പാലമായിരുന്നു പ്രധാന ആശ്രയം. ഒരാള്‍ക്ക് മാത്രം നടന്നുപോകാന്‍ കഴിയുന്ന നടപ്പാലം കാലപ്പഴക്കാത്താല്‍ അപകടനിലയിലായിരുന്നു. പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന്‍െറ ഭാഗമായി ജലവിഭവ വകുപ്പ് ആറ്റിന് കുറുകെ തടയണ നിര്‍മിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. കുറച്ച് തുക കൂടി അനുവദിച്ചാല്‍ തടയണക്കൊപ്പം നടപ്പാലവും നിര്‍മിക്കാമെന്ന് നിര്‍ദേശമുണ്ടായി. ഇതേതുടര്‍ന്ന് 1.75 കോടി രൂപ നബാര്‍ഡില്‍നിന്ന് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച് നിര്‍മാണം തുടങ്ങി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തുതന്നെ പ്രവൃത്തി ഏകദേശം പൂര്‍ത്തിയാക്കിയിരുന്നു. ടൂവീലറുകളടക്കം ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതിയുള്ളതാണ് നടപ്പാലം. നടപ്പാലത്തിന് ഇരുവശത്തേക്കുമുള്ള കോളനി പാതകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. തടയണ വന്നതോടെ ഇടപ്പാളയം മുതല്‍ ആര്യങ്കാവ് വരെയുള്ള ഭാഗത്ത് വേനല്‍ക്കാലത്തടക്കം ആറ്റിന്‍െറ തീരത്ത് ജലക്ഷാമം പരിഹരിക്കാനാകും. ഇടപ്പാളയം കോളനിയിലുള്ളവര്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുന്നത്. തടയണ-നടപ്പാലത്തിന്‍െറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. വനംമന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.