കൊല്ലം: ഒടുവില്‍, അയത്തില്‍-ചെമ്മാന്‍മുക്ക് കെ.എസ്.ടി.പി റോഡിന്‍െറ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കെ.എസ്.ഇ.ബി ഭൂഗര്‍ഭ കേബ്ള്‍ ഇടാന്‍ കുഴിയെടുത്തതിനെതുടര്‍ന്ന് മൂന്നു മാസമായി റോഡ് താറുമാറായി കിടക്കുകയായിരുന്നു. കുഴിയെടുത്ത ഭാഗത്തെ മണ്ണ് നീക്കി വലിയ റബ്ള്‍സ് ഇട്ട് ഉറപ്പിക്കുന്ന ജോലിയാണ് ആദ്യം നടത്തുക. തുടര്‍ന്ന് കെ.എസ്.പി.ടി.പി നിബന്ധനകള്‍ പാലിച്ച് റോഡ് പൂര്‍ണമായും ടാര്‍ ചെയ്യും. രണ്ടാഴ്ച കൊണ്ട് പണി തീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം. നൗഷാദ് എം.എല്‍.എ അറിയിച്ചു. സെപ്റ്റംബര്‍ അവസാനിക്കുന്നതിനുമുമ്പ് റോഡിന്‍െറ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എം.എല്‍.എ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഏപ്രില്‍ ആദ്യമാണ് കെ.എസ്.ഇ.ബി കേബ്ള്‍ ഇടുന്നതിനായി റോഡില്‍ കുഴിയെടുത്തത്. പുനര്‍നിര്‍മാണത്തിനാവശ്യമായ 1.47 കോടി രൂപ മുന്‍കൂറായി കെ.എസ്.ടി.പിക്ക് നല്‍കിക്കൊണ്ടായിരുന്നിത്. കേബ്ള്‍ ഇടുന്ന ജോലികള്‍ ബോര്‍ഡ് സമയബന്ധിതമായി തീര്‍ത്തെങ്കിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.ടി.പി തയാറായില്ല. തുടര്‍ന്ന് മേയ് 30ന് എം.എല്‍.എ വിളിച്ച ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഒരു മാസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കെ.എസ്.ടി.പി ഉറപ്പുനല്‍കി. എന്നാല്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും മഴക്കാലമായി. ഇതോടെ മഴക്കാലത്ത് പണി തുടങ്ങാന്‍ കഴിയില്ളെന്ന നിലപാടിലായി കരാറുകാര്‍. തുടര്‍ന്ന് മഴ മാറിയതോടെ സെപ്റ്റംബര്‍ അഞ്ചിന് പണി തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും ഓണക്കാലത്ത് റോഡ് അടയ്ക്കാന്‍ കഴിയില്ളെന്ന് പൊലീസ് നിലപാടെടുത്തു. പിന്നീട് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കമീഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് 19ന് പണിതുടങ്ങാനും രണ്ടാഴ്ചത്തേക്ക് റോഡില്‍ ഗതാഗതം നിയന്ത്രിക്കാനും തീരുമാനമെടുത്തത്. തിങ്കളാഴ്ച വൈകീട്ട് എം.എല്‍.എ റോഡ് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.