നികുതിയടയ്ക്കാതെ സര്‍വിസ് നടത്തിയ 15 ബസുകള്‍ പിടിയില്‍

കൊല്ലം: അധിക സമയപരിധി കഴിഞ്ഞിട്ടും റോഡ് നികുതി അടയ്ക്കാതെ സര്‍വിസ് നടത്തിയ 15 സ്വകാര്യ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്‍െറ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടി. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്. നികുതി അടച്ചിട്ടില്ളെന്ന് ബോധ്യപ്പെട്ട ബസുകളെ അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. നികുതി കുടിശ്ശിക അടച്ചതിനു ശേഷമേ ഇനി സര്‍വിസ് നടത്താനാവൂ. ഓരോ ബസിനും 10,000 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നു മാസത്തിലൊരിക്കല്‍ നികുതി അടയ്ക്കേണ്ട സ്വകാര്യ ബസുകള്‍ക്ക് 45 ദിവസം ഗ്രേസ് പീരിയഡായി നല്‍കും. ഇത്തവണ 30 ദിവസംകൂടി സമയപരിധി അനുവദിച്ചിരുന്നു. ശനിയാഴ്ച കാലവധി കഴിഞ്ഞതോടെയാണ് ഞായറാഴ്ച മോട്ടോര്‍ വാഹനവകുപ്പ് പരിശോധനക്കിറങ്ങിയത്. പാരിപ്പള്ളി, ചാത്തന്നൂര്‍, കൊല്ലം ട്രാഫിക്, അഞ്ചാലുംമൂട്, ചടയമംഗലം, ചവറ എന്നീ പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലേക്ക് പിടിച്ചെടുത്ത ബസുകള്‍ നീക്കി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധമായിരുന്നു പരിശോധന. ഇടറോഡുകളില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ ട്രിപ്പ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ടൗണ്‍ സര്‍വിസ് നടത്തുന്ന ബസുകളിലെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. പരിശോധന തുടങ്ങിയതറിഞ്ഞ് നികുതി അടയ്ക്കാത്ത പല ബസുകളും പാതിവഴിയില്‍ സര്‍വിസ് നിര്‍ത്തി. കൊട്ടിയം- അഞ്ചാലുംമൂട്, കൊല്ലം- അമ്പലംകുന്ന് റൂട്ടിലെ ‘സെയിം സെയിം’, കൊട്ടിയം- കുണ്ടറ റൂട്ടിലെ ‘ഉണ്ണിക്കണ്ണന്‍’, കൊല്ലം - വിളക്കുപാറ ‘ഓംകാരം’, കൊട്ടിയം - ചവറ, കൊട്ടിയം- ദളവാപുരം റൂട്ടിലെ ‘അമ്പാടി’, ചവറ- മലനട ‘കോമോസ്’, കൊല്ലം- ഇളവറാംകുഴി ‘മിന്ന’, ആയൂര്‍- കടയ്ക്കല്‍ ‘വൈ.എസ് ട്രാവല്‍സ്’, കലയ്ക്കോട്- കൊട്ടിയം ‘ഹരിപ്രിയ’, ഓടനാവട്ടം- കൊല്ലം ‘അനന്തപത്മനാഭന്‍’, കൊട്ടിയം- വെള്ളിമണ്‍ ‘കെ.എസ് ട്രാവല്‍സ്’, പരവൂര്‍ - പാരിപ്പള്ളി ‘അശ്വതി’എന്നീ ബസുകളാണ് പിടിച്ചെടുത്തത്. പെര്‍മിറ്റില്ലാത്ത വാഹനങ്ങളുള്‍പ്പെടെയും പരിശോധനയില്‍ പിടിയിലായി. കൊല്ലം ആര്‍.ടി.ഒ ആര്‍. തുളസീധരന്‍പിള്ളയുടെ നിര്‍ദേശാനുസരണം മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിലെ മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ എ.എസ്. വിനോദ്, എ.എം.വി.ഐമാരായ ജി. ലാജി, ടി.എല്‍. സന്തോഷ്, ഡ്രൈവര്‍ ബി.ആര്‍. രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.