ഗാരേജില്‍ ജോലി ബഹിഷ്കരണം; കെ.എസ്.ആര്‍.ടി.സി സര്‍വിസ് മുടങ്ങി

കൊല്ലം: കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാരും ഷണ്ടിങ് ഡ്രൈവര്‍മാരും ജോലി ബഹിഷ്കരിച്ചതിനെതുടര്‍ന്ന് കൊല്ലം ഡിപ്പോയിലെ സര്‍വിസുകള്‍ നിലച്ചു. സര്‍വിസ് കഴിഞ്ഞ ബസുകള്‍ ദൈനംദിന പരിശോധനക്ക് വിധേയമാക്കണമെന്ന ഡിപ്പോ എന്‍ജിനീയറുടെ ഉത്തരവില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പരിശോധനയ്ക്ക് വേണ്ട സൗകര്യം ഗാരേജില്‍ ഇല്ല. സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെയുള്ള സര്‍വിസുകള്‍ നിലച്ചത് യാത്രക്കാരെ വലച്ചു. ടെക്നിക്കല്‍ വിഭാഗം എക്സിക്യൂട്ടവ് ഡയറക്ടര്‍ ഒരാഴ്ച മുമ്പാണ് പരിശോധനക്ക് ഉത്തരവ് നല്‍കിയിരുന്നത്. ഡിപ്പോയില്‍ ദിവസവും 136 ബസുകളാണ് സര്‍വിസ് നടത്തുന്നത്. പരിമിതസൗകര്യമുള്ള ഗാരേജില്‍ ഇവയെല്ലാം പരിശോധിക്കുന്നത് പ്രായോഗികമല്ളെന്നാണ് ജീവനക്കാരുടെ നിലപാട്. ബസുകള്‍ കയറ്റിയിടാന്‍ സ്ഥലമില്ലാത്തതാണ് പ്രധാന കാരണം. 95 ബസുകളാണ് രാത്രിയില്‍ ഇവിടെ നിര്‍ത്തിയിടുന്നത്. ബാക്കിയുള്ളവ ലിങ്ക് റോഡിലും താലൂക്ക് കച്ചേരി റോഡിലുമാണ് പാര്‍ക്ക് ചെയ്യുന്നത്. പുതിയ ഉത്തരവ് പ്രകാരം എല്ലാ ബസുകളും അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യമായ ജീവനക്കാര്‍ ഗാരേജിലില്ല. ഏഴ് ബസ് ബേകള്‍ ഉള്‍പ്പടെയുള്ള പുതിയ കെട്ടിടം പൂര്‍ത്തിയായെങ്കിലും ഇതുവരെ തുറന്നിട്ടില്ല. വിഷയത്തില്‍ ഒരാഴ്ച മുമ്പ് ജീവനക്കാര്‍ ഉന്നതര്‍ക്ക് കത്ത് നല്‍കിയിരുന്നു. പരിഹാരം ഉണ്ടാകാത്തതിനെതുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് മുതലാണ് ബഹിഷ്കരണം തുടങ്ങിയത്. ബുധനാഴ്ച രാവിലെ 24 ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.