ഭക്ഷ്യസുരക്ഷ: ഓണച്ചന്തകളില്‍ പരിശോധന ശക്തമാക്കും

കൊല്ലം: ഓണക്കാലത്ത് വിഷരഹിത പച്ചക്കറികളും ഭക്ഷണസാധനങ്ങളും ലഭ്യമാക്കുന്നതിന് എക്സൈസ്-പൊലീസ്-റവന്യൂ-ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത പരിശോധന ശക്തമാക്കാന്‍ കലക്ടര്‍ ടി. മിത്ര നിര്‍ദേശിച്ചു. എല്ലാ ദിവസവും മാര്‍ക്കറ്റുകളിലെയും റസ്റ്റാറന്‍റുകളിലെയും ഭക്ഷണസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും അവ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യണമെന്നും കലക്ടര്‍ പറഞ്ഞു. വ്യാജമദ്യത്തിന്‍െറയും ലഹരിവസ്തുക്കളുടെയും ഒഴുക്ക് തടയാന്‍ എക്സൈസ് ഉദ്യേഗസ്ഥര്‍ വനം വകുപ്പുമായി ചേര്‍ന്ന് പരിശോധനകള്‍ കാര്യക്ഷമമാക്കണം. ചെക്പോസ്റ്റുകള്‍ വഴി വ്യാജമദ്യക്കടത്തിന്‍െറ സാധ്യതകള്‍ മുന്നില്‍കണ്ട് നടപടികള്‍ ശക്തമാക്കണം. വാഹനങ്ങളില്‍ മദ്യംകടത്തുന്നത് തടയാന്‍ പ്രത്യേക സ്ക്വാഡ് രാത്രിയിലും പരിശോധന നടത്തണം. തലച്ചുമടായി മദ്യം അതിര്‍ത്തി കടത്തുന്നത് തടയാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ്, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ വ്യാപനം തടയുന്നതിന് നടപടിയെടുക്കണം. കോര്‍പറേഷന്‍െറ ആരോഗ്യവിഭാഗം നല്‍കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണവും കാര്യക്ഷമമാക്കണം. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലഹരി നിരോധന കമ്മിറ്റി യോഗ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ അസി. കലക്ടര്‍ ആശാ അജിത്, എ.ഡി.എം ഐ. അബ്ദുല്‍ സലാം, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.ആര്‍. അനില്‍കുമാര്‍, അസി. ഫുഡ് സേഫ്റ്റി കമീഷണര്‍ കെ. അജിത് കുമാര്‍, ആര്‍.ഡി.ഒ വി. രാജചന്ദ്രന്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.