കൊല്ലം: തുറസ്സായ സ്ഥലത്തെ വിസര്‍ജനം ഒഴിവാക്കുന്നതിന് ലക്ഷ്യമിടുന്ന ഓപണ്‍ ഡെഫക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്) പദ്ധതി പ്രകാരം ജില്ലയില്‍ ശൗചാലയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് കലക്ടര്‍ ടി. മിത്ര നിര്‍ദേശിച്ചു. ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍മാര്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ ഇളമ്പളളൂര്‍, ചിറക്കര, ആദിച്ചനല്ലൂര്‍, കുലശേഖരപുരം, ക്ളാപ്പന, ഓച്ചിറ ഗ്രാമപഞ്ചായത്തുകള്‍ ഇതിനോടകം എല്ലാവര്‍ക്കും ശൗചാലയം നിര്‍മിച്ചുനല്‍കി ഓപണ്‍ ഡെഫക്കേഷന്‍ ഫ്രീ ആയി പ്രഖ്യാപിച്ചു. ശേഷിക്കുന്ന 62 പഞ്ചായത്തുകളില്‍ ഒക്ടോബര്‍ 15നകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ശൗചാലയം നിര്‍മിക്കുന്നതിന് 15,400 രൂപയാണ് നല്‍കുന്നത്. ഗ്രാമങ്ങളില്‍ ഇതില്‍ 12,000 രൂപയും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 5,333 രൂപയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കും. ശേഷിക്കുന്ന തുക ഗ്രാമപഞ്ചായത്തും മുനിസിപ്പാലിറ്റികള്‍ തനത് ഫണ്ടില്‍നിന്നാണ് നല്‍കുന്നത്. ഈയിനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ 3,400 രൂപയും മുനിസിപ്പാലിറ്റികള്‍ 10,067 രൂപയുമാണ് നല്‍കേണ്ടത്. ജില്ലാ ആസൂത്രണ സമിതി 68 ഗ്രാമപഞ്ചായത്തുകളുടെയും ശൗചാലയ പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസറായ അസി. കലക്ടര്‍ ആശാഅജിത് പറഞ്ഞു. ജില്ലയില്‍ വെള്ളക്കെട്ട്, പാറ തുടങ്ങിയവയുള്ള സ്ഥലങ്ങളില്‍ 1035 ശൗചാലയങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. ഇവിടെ സര്‍ക്കാര്‍ നല്‍കുന്ന തുക പര്യാപ്തമല്ളെന്ന് ഗുണഭോക്താക്കള്‍ അറിയിച്ചിട്ടുണ്ട്. അധിക തുകക്കായി കേന്ദ്ര - സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും, സ്വകാര്യ സ്ഥാപനങ്ങളുടെയും, ബാങ്കുകളുടെയും സഹായം തേടിയിട്ടുണ്ട്.ശൗചാല നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഗുണഭോക്താക്കള്‍ക്കുവേണ്ട ശ്രമദാനസഹായം, സാമൂഹിക പിന്തുണ, ബോധവത്കരണം എന്നിവക്കായി നാഷനല്‍ സര്‍വിസ് സ്കീം, സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ള്യു) കോളജുകള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കും. ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ച എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബ്ളോക്-ജില്ലാതല പരിശോധനാ സംഘം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തും. യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍, അസി. കോഓഡിനേറ്റര്‍മാരായ മെല്‍വിന്‍, രാധാകൃഷ്ണപിള്ള, പ്രോഗ്രാം ഓഫിസര്‍ ഷാനവാസ്, ടെക്നിക്കല്‍ കണ്‍സല്‍ട്ടന്‍റ് പി. സജീവന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.