നന്മ സ്റ്റോറുകള്‍ മുഴുവന്‍ പൂട്ടി; കോഴപ്പണം തിരികെത്തേടി ജീവനക്കാര്‍

ശാസ്താംകോട്ട: കണ്‍സ്യൂമര്‍ഫെഡിന്‍െറ നന്മ സ്റ്റോറുകള്‍ കുന്നത്തൂര്‍ താലൂക്കില്‍ പൂര്‍ണമായും അടച്ചുപൂട്ടി. ഇതോടെ തൊഴില്‍രഹിതരായ 200ലധികം ജീവനക്കാര്‍ ജോലിക്ക് കയറാനായി നേതാക്കള്‍ക്ക് നല്‍കിയ കോഴപ്പണം തിരികെകിട്ടാനുള്ള വഴിതേടുകയാണ്. പണം കൈപ്പറ്റിയവര്‍ പൊതുപ്രവര്‍ത്തക അഴിമതി നിരോധനിയമത്തിന്‍െറ പരിധിയില്‍വരുന്നതിനാല്‍ വിജിലന്‍സിനെ സമീപിക്കാനുള്ള നീക്കവും സജീവമാണ്. ഒരു വര്‍ഷത്തിലധികമായി ഊര്‍ധശ്വാസം വലിക്കുകയായിരുന്ന നന്മ സ്റ്റോറുകള്‍ പുതിയ സര്‍ക്കാറിന്‍െറ നയത്തിന്‍െറ ഭാഗമായാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തുതന്നെ നന്മയുടെ ശൂരനാട്, ശാസ്താംകോട്ട, പതാരം എന്നിവിടങ്ങളിലെ പാക്കിങ് കേന്ദ്രങ്ങള്‍ പൂട്ടിയിരുന്നു. 50ലധികം ജീവനക്കാര്‍ക്ക് അന്ന് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. കുന്നത്തൂര്‍ താലൂക്കിലെ 94 നന്മ സ്റ്റോറുകളാണ് കഴിഞ്ഞ ആഴ്ച ഒറ്റയടിക്ക് പൂട്ടിയത്. 200 ജീവനക്കാരാണ് ഇതോടെ പുറത്തായത്. മൂന്നരവര്‍ഷം മുമ്പ് ശരാശരി മൂന്നുലക്ഷം രൂപ കോഴ നല്‍കിയാണ് ഇവരില്‍ ബഹുഭൂരിപക്ഷവും ജോലിനേടിയത്. ചുരുക്കം ചിലര്‍ക്ക് ബന്ധുത്വവും ഉന്നതരുടെ ശിപാര്‍ശയും സഹായകമായി. അന്ന് സഹകരണവകുപ്പ് ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വനിതാനേതാക്കള്‍ക്കടക്കം കോഴപ്പണം നല്‍കിയത് കുന്നത്തൂരിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പരസ്യമായി വെളിപ്പെടുത്തിയിരുന്നതാണ്. സംസ്ഥാന വിജിലന്‍സ് ഡയറക്ടറെ നേരിട്ട് കണ്ട് സങ്കടം ബോധിപ്പിക്കാനുള്ള തീരുമാനത്തിലാണവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.