തിരുവനന്തപുരം–കൊല്ലം ബസ് യാത്രക്ക് മൂന്നരമണിക്കൂര്‍

കൊല്ലം: റോഡിലെ തിരക്ക് വര്‍ധിച്ചതോടെ കൊല്ലം-തിരുവനന്തപുരം ബസ് യാത്രക്ക് വേണ്ടിവരുന്നത് മൂന്നരമണിക്കൂര്‍ വരെ. രാവിലെയും വൈകീട്ടുമാണ് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്. ഏതാനും ദിവസങ്ങളായി ഉച്ചകഴിഞ്ഞാല്‍ കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രക്ക് കുറഞ്ഞത് മൂന്നുമണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് യാത്രക്കാര്‍ പറയുന്നു. സാധാരണ ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ഓടിയത്തെുന്ന സൂപ്പര്‍ ഫാസ്റ്റ് ബസുകളടക്കം മൂന്ന് മണിക്കൂറിലേറെ സമയമെടുക്കുന്നു. വൈകീട്ട് അഞ്ചിനും ഏഴിനുമിടക്കാണെങ്കില്‍ മൂന്നരമണിക്കൂര്‍ വരെ വേണ്ടിവരും. ഓണത്തിരക്ക് വര്‍ധിക്കുന്നതോടെ വരുംദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ദേശീയപാതയില്‍ മിക്കയിടത്തും പൊലീസുകാര്‍ക്ക് പുറമേ ഹോം ഗാര്‍ഡ്, ട്രാഫിക് വാര്‍ഡന്മാര്‍ എന്നിവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ഇടപെടല്‍ ഫലപ്രദമാവാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ കൂടുതലായി എത്തുന്നത് കുരുക്കിന് കാരണമാകുന്നെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍, ദേശീയപാതയിലെയടക്കം അനധികൃത പാര്‍ക്കിങ്ങാണ് മിക്ക സ്ഥലങ്ങളിലും ഗതാഗതക്കുരുക്കിന് കാരണം. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കാനും പിഴചുമത്താനും മിക്കപ്പോഴും പൊലീസ് തയാറാവുന്നില്ളെന്ന് ആക്ഷേപമുണ്ട്. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ ദേശീയപാതയില്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ കടന്നുപോകാത്തവിധം നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. റോഡരികിലേക്ക് മാറ്റിനിര്‍ത്താന്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ളവര്‍ ആവശ്യപ്പെട്ടാലും ബസ് ജീവനക്കാര്‍ ഗൗനിക്കാറില്ല. ദേശീയപാതയിലെ വാഹനങ്ങള്‍ കടത്തിവിടാന്‍ മുന്‍ഗണന നല്‍കുന്ന ഗതാഗത നിയന്ത്രണമല്ല മിക്ക ജങ്ഷനുകളിലും പൊലീസ് സ്വീകരിക്കുന്നതെന്ന് പരാതിയുണ്ട്. ചെറിയ ഇടറോഡുകളില്‍ നിന്നുള്ള ഒന്നോ രണ്ടോ വാഹനങ്ങള്‍ കടത്തിവിടാന്‍ ദേശീയപാതയുടെ ഇരുവശത്തും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നത് ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു. ദേശീയപാതയിലെ ഗതാഗതം സ്തംഭിക്കാത്തവിധം മറ്റ് റോഡുകളിലെ വാഹനങ്ങള്‍ക്ക് നിശ്ചിതസമയം നല്‍കി കടത്തിവിടണമെന്ന നിര്‍ദേശം പൊലീസ് അവഗണിക്കുന്നു. ഓണക്കാലത്ത് കൂടുതല്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ പൊലീസും തദ്ദേശസ്ഥാപനങ്ങളും മുന്‍കൈയെടുത്ത് പാര്‍ക്കിങ് സ്ഥലങ്ങള്‍ ക്രമീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്കൂള്‍ ഗ്രൗണ്ടുകള്‍, റോഡ് പുറമ്പോക്കുകള്‍ തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്തിയാല്‍ ദേശീയപാതയിലെ ഗതാഗതസ്തംഭനം ഒഴിവാക്കാനാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.