സപ്തതി നിറവിലും അക്ഷരവെളിച്ചം പകര്‍ന്ന് ഒരു ഗ്രന്ഥശാല

വിഴിഞ്ഞം: കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമ്മലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.എന്‍.വി വിവേകപ്രദായിനി വായനശാല ആന്‍ഡ് ഗാന്ധി സ്മാരക ഗ്രന്ഥശാല സപ്തതി പിന്നിടുന്നു. ഒരുവര്‍ഷം നീണ്ട സപ്തതി ആഘോഷത്തിന്‍െറ സമാപനസമ്മേളനം നാലിന് ഡോ. വെള്ളായണി അര്‍ജുനന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്‍െറ കീഴിലെ ആദ്യത്തെ ഓണ്‍ലൈന്‍ ലൈബ്രറിയാണിത്. 2000ത്തില്‍ തിരുവനന്തപുരം താലൂക്കിലെ റഫറന്‍സ് ലൈബ്രറിയായി ഉയര്‍ത്തി. 1945ലാണ് എസ്.എന്‍.വി ഒൗദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ബാലവേദിയും ചില്‍ഡ്രന്‍സ് കോര്‍ണറും പ്രവര്‍ത്തിക്കുന്ന ഇവിടെ കരിയര്‍ ഡെവലപമെന്‍റ് സെന്‍റര്‍, അയല്‍പക്ക പഠനകേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ സബ് സെന്‍റര്‍, നിരവധി തൊഴില്‍ പരിശീലന കേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നു. ദൃശ്യമാധ്യമ പ്രളയത്തിനിടയിലും അക്ഷരം ആയുധമാക്കി വായിക്കുന്ന തലമുറയെ ഒരുക്കിയെടുത്ത് പാഠ്യേതര വായനയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യബോധം ഉള്‍ക്കൊണ്ടാണ് ഗ്രന്ഥശാല ഭരണസമിതി കമ്പ്യൂട്ടറൈസ്ഡ് ഓണ്‍ലൈന്‍ ലൈബ്രറി എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്. ഏതൊരു വ്യക്തിക്കും സ്വന്തംഭവനത്തില്‍ ഇരുന്നുതന്നെ ഗ്രന്ഥശാലയില്‍ ഏതൊക്കെ പുസ്തകങ്ങള്‍ ഉണ്ടെന്നറിയാനും പുസ്തകം ആവശ്യപ്പെടാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെതന്നെ ആദ്യത്തെ ഇ-റീഡര്‍ സംവിധാനമുള്ള ഗ്രന്ഥശാലയാണിത്. എല്ലാവര്‍ഷവും പരീക്ഷകളില്‍ ഉന്നതവിജയം നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കാറുണ്ട്. ഈവര്‍ഷം മിഡില്‍ സ്കൂള്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിവക്കുപുറമെ വിവിധ ഡിഗ്രി പരീക്ഷകളില്‍ വിജയംനേടിയവര്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് ലൈബ്രറി സെക്രട്ടറി ജി. പുഷ്പരാജന്‍ പറഞ്ഞു. ഇരുപതിനായിരത്തിലധികം പുസ്തകങ്ങള്‍ വിവിധ വിഷയങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്നുവരെയും നാലുമുതല്‍ 7.30 വരെയുമാണ് പ്രവര്‍ത്തനസമയം. പൊതുഅവധി ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെയും വായനക്കാരുടെയും നല്ലതിരക്ക് അനുഭവപ്പെടാറുണ്ടെന്ന് ലൈബ്രേറിയന്‍ ബിന്ദു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.