കിളിമാനൂര്‍: കിളിമാനൂര്‍ ബ്ളോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമീണറോഡുകളുടെ ശനിദശ മാറുന്നില്ല. കാല്‍നടക്കുപോലും കഴിയാത്തവിധം തകര്‍ന്നുകിടക്കുകയാണ് ചെറുതും വലുതുമായ റോഡുകളില്‍ മിക്കതും. പുതിയ പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്ന് 10 മാസത്തോളമായിട്ടും പശ്ചാത്തല മേഖലയുടെ വികസനത്തില്‍ മെല്ളെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനപാത കടന്നുപോകുന്ന പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മിക്ക ഗ്രാമീണ റോഡുകളും തകര്‍ച്ചയിലാണ്. ഒരുവര്‍ഷത്തിലേറെയായി തകര്‍ന്നുകിടക്കുന്ന റോഡുകള്‍പോലും റീടാര്‍ ചെയ്തിട്ടില്ല. പഞ്ചായത്തിലെ പുതിയകാവ് നെല്ലിക്കാട് പഴയകുന്നുമ്മേല്‍ റോഡ്, മഹാദേവേശ്വരം മങ്കാട് റോഡ്, കുന്നുമ്മല്‍ താന്നിമൂട്ടില്‍ കരിക്കകം റോഡ്, മഹാദേവേശ്വരം മഠത്തില്‍ക്കുന്ന് കോട്ടക്കല്‍ റോഡ്, കാനാററോഡ്, മറവക്കുഴി വല്ലൂര്‍ റോഡ് തുടങ്ങിയവ പൊട്ടിപ്പൊളിഞ്ഞനിലയിലാണ്. മഴക്കാലമായാല്‍ കാല്‍നടക്കുപോലും കഴിയാത്തവിധമാണ് ഇവ. കിളിമാനൂര്‍ പഞ്ചായത്തിലെ ഒട്ടുമിക്കറോഡുകളും മാസങ്ങളായി പുനര്‍നിര്‍മാണമില്ലാതെ തകര്‍ന്നനിലയിലാണ്. പഞ്ചായത്തിലെ പ്രധാന കവലയിലൂടെ കടന്നുപോകുന്ന പോങ്ങനാട്-നെല്ലിമൂട്-പുതുമംഗലം റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പലതുകഴിഞ്ഞു. പോങ്ങനാട് ഗവ. ഹൈസ്കൂളിലേക്ക് ഈ പ്രദേശങ്ങളില്‍നിന്ന് നിരവധി കുട്ടികള്‍ കാല്‍നടയായാണ് വരുന്നത്. റോഡിലെ കുഴികള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. അരൂര്‍ മൃഗാശുപത്രി ഇടയിലഴികം കാഷ്യൂഫാക്ടറി റോഡ്, പനപ്പാംകുന്ന് ലബ്ബാമുക്ക്റോഡ്, മലയാമഠം പാപ്പാല റോഡ് എന്നിവയുടെയും സ്ഥിതി വ്യത്യസ്തമല്ല. കിളിമാനൂര്‍ ബ്ളോക് ഓഫിസ് പുല്ലയില്‍ റോഡ്, പുല്ലയില്‍ കൊടുവഴന്നൂര്‍ റോഡ്, നഗരൂര്‍ പഞ്ചായത്തിലെ ഊന്നന്‍കല്ല് മാത്തയില്‍ കോളനിറോഡ്, മാത്തയില്‍ വെള്ളല്ലൂര്‍ റോഡ്, കളത്തറമുക്ക് ചീപ്പില്‍ക്കട റോഡ് എന്നിവ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. അടിയന്തരമായി റോഡുകള്‍ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.