പരിശോധനകളില്ലാതെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം; ആരോഗ്യഭീഷണിയില്‍ കുട്ടികള്‍

അഞ്ചാലുംമൂട്: പരിശോധനകളില്ലാതെ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതായി പരാതി. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് പരിശോധനകളില്ലാതെയാണെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. ഉച്ചഭക്ഷണം പാകംചെയ്യുന്ന എല്ലാ സ്കൂളുകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ ലൈസന്‍സ് എടുക്കണമെന്ന് ഉത്തരവിറങ്ങിയിരുന്നു. ഇത് പാലിക്കാതെ വന്നതോടെ പാചകക്കാരന്‍ ലൈസന്‍സ് എടുക്കണമെന്ന നിര്‍ദേശവുമുണ്ടായി. മിക്ക സ്കൂളുകളും ഈ ഉത്തരവും പാലിക്കാതെയാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. സ്കൂളുകളില്‍ പഠിക്കുന്ന ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് (ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ളാസുകള്‍) നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ പ്രൈമറി തലത്തില്‍ 450 കലോറി പോഷകവും 12 ഗ്രാം പ്രോട്ടീനും യു.പി സ്കൂള്‍ തലം മുതല്‍ 700 കലോറി പോഷകവും 20 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മിക്ക സ്കൂളുകളിലും ഉച്ചഭക്ഷണത്തിന് കറികള്‍ വെക്കാന്‍ സമയമില്ലാത്തതിനാല്‍ ചോറില്‍ മഞ്ഞള്‍പ്പൊടി അമിതമായി ചേര്‍ത്ത് ‘ബിരിയാണി’യായി നല്‍കുന്നുവെന്നും പരാതി ഉയരുന്നുണ്ട്. മഞ്ഞള്‍പൊടി ചേര്‍ത്ത ചോറില്‍ മറ്റ് പച്ചക്കറികളോ ചേരുവകളോ ഇല്ലാത്തതിനാല്‍ മിക്ക കുട്ടികളും കഴിക്കാതെ കളയുകയാണ്. സ്കൂളുകളില്‍ ഉച്ചഭക്ഷണപദ്ധതികളുടെ നടത്തിപ്പ് സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിക്കാണ്. ഭക്ഷണം വിതരണം ചെയ്യുന്നതിന് മുമ്പ് അധ്യാപകര്‍ ഭക്ഷണം രുചിച്ച് നോക്കണം. കൂടാതെ ഉച്ചഭക്ഷണപദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ ഒന്നിലധികം രക്ഷാകര്‍ത്താക്കളോ എസ്.എം.സി അംഗങ്ങളോ വിതരണ സമയത്ത് ഉണ്ടാകണമെന്നും ഓരോദിവസം എത്ര കുട്ടികള്‍ ആഹാരം കഴിച്ചു എന്നും ഭക്ഷണത്തിന്‍െറ ഗുണമേന്മ സംബന്ധിച്ചും രക്ഷാകര്‍ത്താക്കളുടെ അഭിപ്രായവും രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. ഇതൊന്നും നടപ്പാക്കാതെ മിക്ക സ്കൂളുകളും തോന്നിയ പോലെയാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. പരിശോധനകളും നിയന്ത്രണങ്ങളും പാലിക്കാത്തത് ഭക്ഷ്യവിഷബാധക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന ആശങ്കയാണ് രക്ഷിതാക്കള്‍ക്കുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.