ഉല്‍പന്ന വൈവിധ്യവുമായി ‘സരസ്’ മേളക്ക് തുടക്കം

കൊല്ലം: കുടുംബശ്രീ സരസ് മേളക്ക് ആശ്രാമം മൈതാനത്ത് തുടക്കമായി. വൈവിധ്യമേറിയ ഉല്‍പന്നങ്ങളുടെ വിപുല ശേഖരമാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ യൂനിറ്റുകളുടെ നാടന്‍ ഉല്‍പന്നങ്ങള്‍ക്ക് പുറമെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കരകൗശല വിദഗ്ധര്‍ ഒരുക്കിയ ശില്‍പഭംഗിയുള്ള കൗതുകവസ്തുക്കളും മേളയെ ശ്രദ്ധേയമാക്കുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തിവരുന്ന മേള ആദ്യമായാണ് കുടുംബശ്രീ ഏറ്റെടുത്തത്. കൊല്ലം കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണമുണ്ട്. രാജ്യത്തെ 25 സംസ്ഥാനത്തുനിന്നുള്ള കരകൗശല വിദഗ്ധരുടെ ഉള്‍പ്പെടെ 225 സ്റ്റാളുണ്ട്. കുടുംബശ്രീ സ്റ്റാളുകളില്‍ നാടന്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയാണ് പ്രധാനമായുള്ളത്. വയനാട്, അച്ചന്‍കോവില്‍ ഉള്‍പ്പെടെ ആദിവാസി ഊരുകളില്‍നിന്നുള്ള വനവിഭവങ്ങള്‍ യഥേഷ്ടം വാങ്ങാം. മണിപ്പൂരില്‍നിന്നുള്ള സ്ത്രീകളുടെ മൂന്നംഗസംഘം പേപ്പറില്‍ കൈകൊണ്ടു നിര്‍മിക്കുന്ന വര്‍ണാഭമായ പൂക്കളുമായാണ് മേളക്ക് എത്തിയിരിക്കുന്നത്. സ്വീകരണ മുറികള്‍ക്ക് അലങ്കാരമാകുന്ന പൂക്കള്‍ക്ക് വില 20ല്‍ തുടങ്ങും. ഛത്തീസ്ഗഡിന്‍െറ സ്റ്റാളില്‍ സില്‍ക് സാരികളുടെ കമനീയ ശേഖരമുണ്ട്. നൂറുശതമാനം പട്ടുനൂലില്‍ നെയ്ത സാരിയുടെ വില മൂവായിരത്തില്‍ തുടങ്ങി 9000വരെ. കൂടാതെ ദുപ്പട്ട, ജാക്കറ്റ് തുടങ്ങിയ വസ്ത്രങ്ങളുമുണ്ട്. ഈറ്റ, പനമ്പ് ഉല്‍പന്നങ്ങളും കറിക്കത്തികളും മേളയില്‍ ലഭ്യമാണ്. തുകലിലും തുണിയിലും നിര്‍മിച്ച പഴ്സ്, ബാഗുകള്‍, പാദരക്ഷകള്‍, ബെല്‍റ്റ് എന്നിവയുമുണ്ട്. കലര്‍പ്പില്ലാത്ത മറയൂര്‍ ശര്‍ക്കരയുടെ മധുരം മേളയില്‍ നുകരാം. മറയൂര്‍ ഹില്‍സ് അഗ്രികള്‍ചറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റിയാണ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 4000 അടി ഉയരത്തില്‍ എഴുനൂറോളം ഹെക്ടറില്‍ വിളയുന്ന കരിമ്പിന്‍െറ നീരില്‍നിന്നുണ്ടാക്കുന്ന ശര്‍ക്കരക്ക് ഉപ്പുരസം തീരെയില്ളെന്ന പ്രത്യേകതയുണ്ട്. ശര്‍ക്കരയിലെ അഴുക്ക് കളയാന്‍ രാസവസ്തുക്കള്‍ പൂര്‍ണമായി ഒഴിവാക്കി കക്ക തെളിനീര്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സൊസൈറ്റി സെക്രട്ടറി ഇന്ദ്രജിത് പറഞ്ഞു. മേള 13ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.