ഉത്തര്‍പ്രദേശ് യുവാവിന്‍െറ കൊലപാതകം: പ്രതി അറസ്റ്റില്‍

കൊല്ലം: ഇതര സംസ്ഥാന തൊഴിലാളിയുടെ ദുരൂഹ മരണത്തെതുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി ഷെഹന്‍ഷായുടെ (സൂര്യ -20) മരണത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ വസിയെയാണ് (31) കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 21നാണ് ചാമക്കട പുകയില പണ്ടകശാല പാലത്തിനടുത്ത് മുംതാസ് മന്‍സിലില്‍ വാടകക്ക് താമസിച്ചിരുന്ന ഷഹന്‍ഷാ മരിച്ചത്. പൊലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. വസിയും ഷെഹന്‍ഷായും മറ്റ് അഞ്ച് ഉത്തര്‍പ്രദേശ് സ്വദേശികളും കരാര്‍ അടിസ്ഥാനത്തില്‍ ബെഡ്ഷീറ്റ് കച്ചവടം നടത്തിവരുകയായിരുന്നു. 1200 രൂപ മോഷ്ടിച്ചെടുത്ത് മദ്യപിച്ചെന്നാരോപിച്ച് വസി ഷെഹന്‍ഷായെ മുറിക്കുള്ളില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പിക്കുകയും ചെയ്തു. നെഞ്ചെല്ല് തകര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണകാരണം. ഇന്‍ക്വസ്റ്റ് തയാറാക്കുന്ന വേളയില്‍ ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണനും പൊലീസ് സംഘത്തിനും സംശയം തോന്നിയതിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പ്രഫസര്‍ ആന്‍ഡ് പൊലീസ് സര്‍ജന്‍ ഡോ. കെ. വത്സല പരിശോധന നടത്തി മരണകാരണം ശരീരത്തിലേറ്റ ക്ഷതങ്ങളും നെഞ്ചെല്ല് തകര്‍ന്നതുമാണെന്ന് കണ്ടത്തെി. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ കുറ്റാന്വേഷണ രീതിയിലൂടെയാണ് കുറ്റം തെളിയിക്കപ്പെട്ടത്. സിറ്റി പൊലീസ് കമീഷണര്‍ എസ്. സതീഷ് ബിനോയുടെ നേതൃത്വത്തില്‍ എ.സി.പി ജോര്‍ജ് കോശി, ഈസ്റ്റ് സി.ഐ എസ്. മഞ്ജുലാല്‍, ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണന്‍, അഡീഷനല്‍ സബ് ഇന്‍സ്പെക്ടര്‍ സി. സുരേഷ്കുമാര്‍, എ. ഷാജഹാന്‍, എ.എസ്.ഐ സുരേഷ് കുമാര്‍, എസ്.സി.പി.ഒ. അനന്‍ബാബു, സി.പി.ഒ ബിജുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസിന്‍െറ അന്വേഷണം നടത്തിവരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.