അഞ്ചാലുംമൂട്: കടുത്ത ആരോഗ്യപാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അഷ്ടമുടിക്കായലില്‍ നഞ്ചുകലക്കി മീന്‍പിടിത്തം വ്യാപകം. അധികൃതര്‍ നടപടിക്ക് മുതിരുന്നില്ല. അഷ്ടമുടിക്കായലില്‍ പെരുമണ്‍, കുരീപ്പുഴ, പെരിനാട്, കാഞ്ഞിരകോട്, പടപ്പക്കര ഭാഗങ്ങളിലാണ് നഞ്ചുകലക്കി മീന്‍പിടിത്തം വ്യാപകമാകുന്നത്. മത്സ്യഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ഫിഷറീസ് വകുപ്പിന്‍െറ നേതൃത്വത്തില്‍ അടുത്തിടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. മീന്‍പിടിക്കുന്നതിനായി രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതുമൂലം ഇവയെല്ലാം ചത്തൊടുങ്ങുകയാണ്. എന്നാല്‍, ഇതിനെതിരെ ഫിഷറീസ് വകുപ്പും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിക്കുന്നില്ളെന്നാണ് മത്സ്യത്തൊഴിലാളി യൂനിയനുകള്‍ കുറ്റപ്പെടുത്തുന്നത്. പനംകുരു പോലുള്ള വിഷക്കായ അരച്ച് തുരിശും ഫ്യൂറഡാന്‍, മണ്ണെണ്ണ എന്നിവയുമായി ചേര്‍ത്താണ് നഞ്ച് മിശ്രിതം തയാറാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പൊള്ളുന്ന ചൂടാണീ മിശ്രിതത്തിന്. മീനുള്ള ഭാഗത്ത് കായലിലെ വെള്ളത്തില്‍ ഇത് കലര്‍ത്തും. വിഷം വെള്ളത്തില്‍ കലരുന്നതോടെ കണ്ണില്‍ ചൂടും വിഷച്ചൂരുമേറ്റ് പ്രാണവേദനയിലോടുന്ന മീനുകള്‍ മത്സ്യബന്ധനത്തിനായി വിരിച്ച വലകളില്‍ കുടുങ്ങും. വിഷം വെള്ളത്തില്‍ കലരുന്നതോടെ മീനുകള്‍ പ്രതിരോധിക്കാന്‍ കഴിയാതെ പായും. ഈസമയം വെള്ളത്തില്‍ കുറുകയും നെടുകയും വിരിച്ച വലയില്‍ ഇവ കുരുങ്ങും. വലയില്‍ കുടുങ്ങാത്ത മീനുകള്‍ വിഷമേറ്റ് ചത്തുപൊങ്ങും. കരിമീന്‍, സിലോപിയ എന്നിവയാണ് കിട്ടുന്ന മത്സ്യത്തിലധികവും. വാളയും നഞ്ചില്‍ കുടുങ്ങാറുണ്ട്. ചെറുമീനുകളാണ് ചത്തുപൊങ്ങുന്നവയില്‍ ഏറെയും. ചത്തമീനുകള്‍ വെള്ളത്തില്‍കിടന്ന് അഴുകി ജലം മലിനമാകുന്ന അവസ്ഥയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.