ഇ.എസ്.ഐ ആശുപത്രി താക്കോല്‍ മെഡിക്കല്‍ കോളജിന് കൈമാറി

പാരിപ്പള്ളി: പ്രവര്‍ത്തനം പൂര്‍ണമായി സര്‍ക്കാറിന് വിട്ടുകൊടുക്കുന്നതിന്‍െറ ഭാഗമായി പാരിപ്പള്ളി ഇ.എസ്.ഐ ആശുപത്രിയുടെ താക്കോല്‍ മെഡിക്കല്‍ കോളജിന് കൈമാറി. വെള്ളിയാഴ്ച രാവിലെ 11.30ന് മെഡിക്കല്‍ കോളജ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇ.എസ്.ഐ ഡെപ്യൂട്ടി മെഡിക്കല്‍ കമീഷണര്‍ ഡോ. സോളങ്കിയില്‍നിന്ന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ കമീഷന്‍ ഡോ. റംലാബീവി താക്കോല്‍ ഏറ്റുവാങ്ങി. 600 കോടി ചെലവില്‍ ഇ.എസ്.ഐ കോര്‍പറേഷന്‍ പടുത്തുയര്‍ത്തിയ മെഡിക്കല്‍ കോളജ് സമുച്ചയവും അനുബന്ധ സൗകര്യങ്ങളും ചികിത്സോപകരണങ്ങളും പൂര്‍ണമായും സംസ്ഥാന സര്‍ക്കാറിന് കീഴിലാവും. എന്നാല്‍, തൊഴിലാളികളുടെ ചികിത്സാ ആനുകൂല്യം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. താക്കോല്‍ കൈമാറിയെങ്കിലും ഇ.എസ്.ഐ ആശുപത്രിയുടെ പ്രവര്‍ത്തനം കുറച്ചുനാള്‍കൂടി ഈ സ്ഥിതിയില്‍ തുടരും. ഇവിടത്തെ ഡോക്ടര്‍മാരും ജീവനക്കാരും മറ്റിടങ്ങളിലേക്ക് മാറുംവരെയാണ് പ്രവര്‍ത്തനം തുടരുക. അതുവരെ തൊഴിലാളികള്‍ക്ക് നിലവിലെ ചികിത്സാനുകൂല്യങ്ങള്‍ ലഭിക്കും. അതിനുശേഷം കശുവണ്ടി തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേക പ്രോജക്ട് തയാറാക്കുകയും അതിന്‍െറ അടിസ്ഥാനത്തില്‍ അവര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളുകയും ചെയ്യും. ഇതുസംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാറാണ് കൈക്കൊള്ളുകയെന്ന് മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അശോകന്‍പിള്ള പറഞ്ഞു. താക്കോല്‍ കൈമാറ്റച്ചടങ്ങില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അശ്വിനികുമാര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. വിശ്വനാഥ്, ഇ.എസ്.ഐ റീജനല്‍ ഡയറക്ടര്‍ ഡോ. ജോസഫ്, ഇ.എസ്.ഐ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കരണ്‍സിങ് സോളമന്‍ എന്നിവരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.