പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കല്‍ കോളജിലും ബന്ധുനിയമനവിവാദം

കൊല്ലം: പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കല്‍ കോളജിലും ബന്ധുനിയമനവിവാദം ഉയരുന്നു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, അധ്യാപക തസ്തികകളില്‍ യോഗ്യതയില്ലാത്തവരെ ബന്ധുത്വവും പാര്‍ട്ടി സ്വാധീനവും നോക്കി നിയമിച്ചതിനാലാണ് ഈ വര്‍ഷം വിദ്യാര്‍ഥിപ്രവേശത്തിന് ലോധകമീഷന്‍ അനുവാദം നല്‍കാതിരുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്മെന്‍റ് ആയി പ്രവര്‍ത്തിച്ചവരെയാകണം പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കേണ്ടതെന്നാണ് വ്യവസ്ഥയെന്നും അത്തരം യോഗ്യതയില്ലാത്തയാളെയാണ് പാരിപ്പള്ളിയില്‍ പ്രിന്‍സിപ്പലായി നിയമിച്ചതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നാംവര്‍ഷത്തെ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ള ആരെയും അധ്യാപകരായി നിയമിച്ചിട്ടില്ല. നിയമനശിപാര്‍ശ നല്‍കിയവര്‍ ഇന്ദിര ഗാന്ധി യൂനിവേഴ്സിറ്റിയിലും നിയമനത്തിന് ഡിക്ളറേഷന്‍ നല്‍കിയവരാണ്. രണ്ടിടത്ത് ഡിക്ളറേഷന്‍ നല്‍കിയത് അയോഗ്യതയായതിനാല്‍ ഒന്നാംവര്‍ഷ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ ഇല്ളെന്ന് കണ്ടത്തെിയതും ഈ വര്‍ഷം വിദ്യാര്‍ഥിപ്രവേശത്തിന് അനുമതി നിഷേധിക്കാന്‍ കാരണമായി. ബന്ധുത്വവും പാര്‍ട്ടിക്ക് താല്‍പര്യവും ഉള്ളവരെ ദൂരസ്ഥലങ്ങളിലേക്ക് പോകാതെ ഇവിടത്തെന്നെ നിര്‍ത്തുന്നതിന് സൗകര്യമുള്ള ഇടമാക്കി പാരിപ്പള്ളി മെഡിക്കല്‍ കോളേജിനെ മാറ്റിയിരിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ഇടതുപക്ഷ സഹയാത്രികനായ ലെനിന്‍ രാജേന്ദ്രന്‍െറ ഭാര്യയെയാണ് പാരിപ്പള്ളിയില്‍ പ്രിന്‍സിപ്പലായി നിയമിച്ചിരിക്കുന്നത്. ഇവരുടെ നിയമനത്തിന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. ഫാര്‍മക്കോളജി വിഭാഗം പ്രഫസര്‍ മാത്രമാണ് ഇവര്‍. ഒരുമെഡിക്കല്‍ കോളജിലും ഡിപ്പാര്‍ട്മെന്‍റ് മേധാവിയായി പ്രവര്‍ത്തിച്ചിട്ടില്ല. യോഗ്യതയില്ലാത്തവരെ നിയമിച്ച് വിദ്യാര്‍ഥിപ്രവേശം അട്ടിമറിച്ചതിനുപിന്നില്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള വ്യഗ്രതയാണ്. ആശുപത്രയില്‍ ഒ.പി വിഭാഗത്തില്‍ മാത്രമാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ചികിത്സ ലഭിക്കുന്നത്. സൗകര്യങ്ങള്‍ ഇല്ലാത്ത സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അനുമതി സമ്പാദിച്ചപ്പോള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള പാരിപ്പള്ളിക്ക് അനുമതി ലഭിക്കാതെപോയത് സര്‍ക്കാറിന്‍െറ വീഴ്ചയാണ്. ആശുപത്രിപ്രവര്‍ത്തനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ആശുപത്രിയിലെ സേവനം ഒൗട്ട്പേഷ്യന്‍റില്‍ മാത്രം ഒതുക്കിയതിന്‍െറ ഉത്തരവാദി ആരാണെന്ന് കണ്ടത്തെണം. കൊല്ലം ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ മുളയിലേ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ പരവൂര്‍ എസ്. രമണന്‍, കണ്‍വീനര്‍ അഡ്വ. രാജേന്ദ്രപ്രസാദ്, സമരസമിതി കണ്‍വീനര്‍ നെടുങ്ങോലം രഘു, പരവൂര്‍ സജീവ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.