കുടവട്ടൂര്‍ ക്വാറിയില്‍ വീണ്ടും അനധികൃതഖനനം

വെളിയം: വെളിയം പഞ്ചായത്തിലെ കുടവട്ടൂര്‍ ക്വാറിയില്‍ വീണ്ടും അനധികൃതഖനനം. പ്രദേശത്തെ 200ഓളം വീടുകള്‍ ഭീഷണിയില്‍. കഴിഞ്ഞദിവസം രണ്ട് വീടുകളുടെ ഭിത്തിയില്‍ പാറക്കഷണം വീണിരുന്നു. വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രാത്രിയിലായിരുന്നു സംഭവം. സ്ഥലത്ത് 160 ഓളം ക്വാറികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാഴ്ചമുമ്പ് കൊട്ടാരക്കര തഹസില്‍ദാറിന്‍െറ നേതൃത്വത്തില്‍ ഇവിടത്തെ അനധികൃതക്വാറികളില്‍ നിന്ന് 15 ടിപ്പര്‍ലോറികളും മൂന്ന് മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തിരുന്നു. ക്വാറികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഈ ഉത്തരവ് കാറ്റില്‍പറത്തി വീണ്ടും ക്വാറികളുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. നാട്ടുകാര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഭൂനിരപ്പില്‍നിന്ന് 400 അടി താഴ്ചയിലാണ് ഇപ്പോള്‍ ഖനനം നടക്കുന്നത്. 30 അടി താഴ്ചയില്‍ മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂവെങ്കിലും ക്വാറിഉടമകള്‍ പാലിക്കുന്നില്ല. ക്വാറിയിലെ വെള്ളക്കെട്ടില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് സമീപത്തെ ഓടനാവട്ടം-നെടുമണ്‍കാവ് റോഡിലേക്ക് പൈപ്പുകള്‍വഴി ജലം ഒഴുക്കുന്നത് പതിവായിരിക്കുകയാണ്. കുടവട്ടൂര്‍ പാറമുക്കിലെ ബസ്സ്റ്റോപ്പിന്‍െറ മുകളിലേക്ക് പാറക്കഷണം തെറിച്ച് വീഴാറുണ്ട്. അതിനാല്‍ യാത്രികര്‍ 50 മീറ്റര്‍ അകലെയുള്ള ഭാഗത്തുനിന്നാണ് ബസ്കയറുന്നത്. ക്വാറികളില്‍ തൊഴിലാളികളില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ്. അവര്‍ക്ക് ഐഡന്‍റിറ്റികാര്‍ഡ് നിര്‍ബന്ധമാണെങ്കിലും മിക്കവര്‍ക്കും ഇല്ല. സമീപത്തെ നിരവധി വീട്ടുകാര്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിനെതിരെ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. റവന്യൂ-പൊലീസ് ബന്ധം മൂലമാണ് ക്വാറികള്‍ക്കെതിരെ നടപടി ഉണ്ടാകാത്തതെന്ന ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.