ചക്കുവള്ളി-പുതിയകാവ് റോഡ് അറ്റകുറ്റപ്പണി വിവാദത്തില്‍

ശാസ്താംകോട്ട: ആറുവര്‍ഷം മുമ്പ് അന്താരാഷ്ട്ര നിലവാരത്തില്‍ കോടികള്‍ ചെലവഴിച്ച് പുനര്‍നിര്‍മിച്ച ചക്കുവള്ളി-പുതിയകാവ് റോഡില്‍ പൊതുമരാമത്ത് വകുപ്പ് അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണി വിവാദത്തില്‍. 12 കിലോമീറ്റര്‍ റോഡിലെ തകര്‍ന്ന എട്ടിടങ്ങളില്‍ നാലെണ്ണവും അറ്റകുറ്റപ്പണി നടത്താതെ ഒരു കേടുമില്ലാത്ത ഭാഗം റീ ടാര്‍ ചെയ്തതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ദേശീയപാത 47നെ കൊല്ലം - തേനി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ഈ റോഡില്‍ ആകെ എട്ട് സ്ഥലങ്ങളിലാണ് ചെറിതതോതിലുള്ള തകരാറുള്ളത്. അവ ഓരോന്നിനും ശരാശരി 10 മീറ്ററിലധികം ദൈര്‍ഘ്യമില്ലതാനും. ഇപ്പോള്‍ അറ്റകുറ്റപ്പണിയുടെ മറവില്‍ റോഡിന്‍െറ കിലോമീറ്ററുകളോളം ഭാഗം റീ ടാര്‍ ചെയ്തിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്‍െറ കരുനാഗപ്പള്ളി സബ് ഡിവിഷന്‍, ഓച്ചിറ സെക്ഷന്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്ത് അറ്റകുറ്റപ്പണിക്ക് ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാര്‍ വന്നതോടെ നടപടി നിര്‍ത്തിവെക്കേണ്ടിവന്നു. അതിന്‍െറ കേടുതീര്‍ക്കാനാണ് ഇപ്പോഴത്തെ അറ്റകുറ്റപ്പണിയെന്നാണ് ആക്ഷേപം. വകുപ്പിന്‍െറ സാങ്കേതിക പരിശോധനാ വിഭാഗത്തിന്‍െറ ഇടപെടല്‍ ആവശ്യപ്പെട്ട് ശൂരനാട്ടെ സി.പി.എം പ്രവര്‍ത്തകര്‍ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.