അക്ഷരലോകത്തേക്ക് കുരുന്നുകള്‍

കൊല്ലം: കരഞ്ഞും ചിരിച്ചും ചിണുങ്ങിയും കുരുന്നുകള്‍. തൊഴുകൈകളും പ്രാര്‍ഥനയുമായി അമ്മമാര്‍. താളമേളങ്ങളുടെ അകമ്പടി. എല്ലാം ചേര്‍ന്ന ഭക്തിയുടെ നിറവില്‍ ആദ്യക്ഷരം കുറിക്കല്‍. നൂറുകണക്കിന് കുരുന്നുകളാണ് ജില്ലയിലെ പ്രമുഖമായ ക്ഷേത്രങ്ങളിലും ഗ്രന്ഥശാലകളിലുമായി ആദ്യക്ഷരം എഴുതിയത്. പുലര്‍ച്ചെ മുതല്‍തന്നെ മിക്ക ക്ഷേത്രങ്ങളിലും തിരക്കനുഭവപ്പെട്ടു. നഗരത്തില്‍ പുതിയകാവ് ദേവീക്ഷേത്രം, ലക്ഷ്മിനട ക്ഷേത്രം, മുളങ്കാടകം, ആനന്ദവല്ലീശ്വരം തുടങ്ങിയിടത്തെല്ലാം രാവിലെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ക്ഷേത്രങ്ങളില്‍ ഞായറാഴ്ച വൈകീട്ട്് പൂജവെപ്പ് നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പൂജയെടുത്ത് ആഘോഷപൂര്‍വം വിദ്യാരംഭം നടത്തുകയായിരുന്നു. ചവറ: തിന്മയുടെ മേല്‍ നന്മയുടെ വിജയം ഉറപ്പിച്ച വിജയദശമി ദിനത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ ആദ്യക്ഷരം കുറിക്കാന്‍ നിരവധി കുരുന്നുകളത്തെി. നീണ്ടകര പരിമണം ദേവീക്ഷേത്രം, പുത്തന്‍തുറ ആല്‍ത്തറമൂട് ശിവക്ഷേത്രം, ചവറ കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രം, നല്ളേഴത്ത് മുക്ക് അരത്തകണ്ഠ ശാസ്താ ക്ഷേത്രം, പന്മന സുബ്രഹ്മണ്യ ക്ഷേത്രം, പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീ ക്ഷേത്രം, പനന്തോടില്‍ ദേവീ ക്ഷേത്രം, ചെറുശ്ശേരിഭാഗം ഞാറയ്ക്കാട് ദേവീ ക്ഷേത്രം, കാവുനട ദേവീ ക്ഷേത്രം, രാമേഴത്ത് ദേവീ ക്ഷേത്രം, കുന്നുവീട്ടില്‍ ദേവീ ക്ഷേത്രം, വടക്കുംതല പനയന്നാര്‍കാവ് ദേവീ ക്ഷേത്രം, അയ്യന്‍കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം, തേവലക്കര ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിമാര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കി. ശങ്കരമംഗലം കാമന്‍കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി ലിപി സരസ്വതി പൂജ സംഘടിപ്പിച്ചു. സരസ്വതി മണ്ഡപത്തില്‍ മണലില്‍ അക്ഷരം കുറിക്കാന്‍ ആബാല വൃദ്ധ ഭക്തരത്തെി. ലിപി സരസ്വതി പൂജകള്‍ക്ക് സപ്താഹാചാര്യന്‍ ആക്കല്‍ കലാധര സ്വാമി നേതൃത്വം നല്‍കി. രാവിലെ എട്ടിന് തുടങ്ങിയ ലിപിപൂജ പത്തോടെയാണ് സമാപിച്ചത്. പന്മന ആശ്രമത്തില്‍ ആചാര്യന്‍ സ്വാമി ഭൂമാനന്ദ കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നുനല്‍കി. നിരവധി കുരുന്നുകളാണ് ആശ്രമത്തില്‍ വിജയദശമി ദിനത്തില്‍ നാവില്‍ അക്ഷരം കുറിക്കാനത്തെിയത്. തേവലക്കര തെക്കന്‍ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് മുന്‍ മലയാള വിഭാഗ മേധാവി പ്രഫ. ആര്‍.എസ്. രാജീവ്, തിരുവനന്തപുരം സര്‍ക്കാര്‍ കോളജ് പ്രഫ. രഘുനാഥന്‍പിള്ള എന്നിവര്‍ ആദ്യക്ഷരം പകര്‍ന്നു നല്‍കി. തുടര്‍ന്ന് പ്രഫ. ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരിയുടെ സംഗീത സദസ്സും മഹാവിഷ്ണു അവതാരച്ചാര്‍ത്തും നടന്നു. പുനലൂര്‍: വിദ്യാരംഭ ദിനത്തില്‍ കിഴക്കന്‍ മേഖലയില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അറിവിന്‍െറ ഹരിശ്രീ കുറിച്ചു. ഈ മേഖലയിലെ പ്രധാന ക്ഷേത്രങ്ങള്‍ കൂടാതെ വായനശാലകള്‍, കുടിപ്പള്ളിക്കൂടം എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആദ്യക്ഷരമെഴുത്ത് നടന്നത്. പുനലൂര്‍ പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പ്രഫ.പി. കൃഷ്ണന്‍കുട്ടി, പ്രഫ. ഇന്ദിരദേവി, ബി. മോഹന്‍ദാസ്, എന്‍. നീലകണ്ഠന്‍ നമ്പൂതിരി, കെ. സരസമ്മ തുടങ്ങിയവര്‍ കുട്ടികളില്‍ ആദ്യക്ഷരം കുറിച്ചു. കരവാളൂര്‍ പീഠിക ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തി വിഘ്നേഷും ആര്യങ്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മേല്‍ശാന്തി ശ്രീരാജ ്ബി. ഉണ്ണിയും കുരുന്നുകള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കി. കൊല്ലം: നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ ഡോ. എസ്. ശ്രീനിവാസന്‍ 14 കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. സാഹിത്യ വിമര്‍ശകന്‍ കെ.പി. അപ്പന്‍ തുടക്കമിട്ട വിദ്യാരംഭചടങ്ങിനുശേഷം ഗ്രന്ഥശാലയില്‍ 21ാമത് വര്‍ഷമാണിത്. ചടങ്ങുകള്‍ക്ക് ഗ്രന്ഥശാലാ പ്രസിഡന്‍റ് ബേബിഭാസ്കര്‍, സെക്രട്ടറി എസ്. നാസര്‍, വി. ബിജു, എന്‍. തമ്പാന്‍, കെ. ശശിധരന്‍, എസ്. ശശിധരന്‍പിള്ള, കെ. സുഗതന്‍, എസ്. നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കലാക്ഷേത്രപീഠം കടവൂര്‍ അഖിലിന്‍െറ നേതൃത്വത്തില്‍ രണ്ടുപേര്‍ക്ക് ചെണ്ടയില്‍ വിദ്യാരംഭം കുറിച്ചു. തഴവ: ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാരംഭചടങ്ങ് സംഘടിപ്പിച്ചു. പി.എന്‍. ബാലപണിക്കര്‍, വള്ളികുന്നം ഖാലിദ്, രുദ്രാണി, ശിവജി എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം പകര്‍ന്നുനല്‍കി. കൊട്ടിയം: ഉമയനല്ലൂര്‍ നേതാജി മെമ്മോറിയല്‍ ലൈബ്രറിയിലെ വിദ്യാരംഭത്തില്‍ സംഗീതവിദ്വാന്‍ ഉമയനല്ലൂര്‍ പി.കെ. ഗോവിന്ദരാജ് ആദ്യക്ഷരം പകര്‍ന്നുനല്‍കി. ലൈബ്രറിയുടെയും നേതാജി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറയും പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.