കരുനാഗപ്പള്ളി: മുനിസിപ്പല്‍ പ്രദേശത്തുള്ള എല്ലാ കുടുംബങ്ങള്‍ക്കും ശൗചാലയം നിര്‍മിച്ചുനല്‍കി നഗരസഭയെ നവംബറിന് മുമ്പ് വെളിയിട വിസര്‍ജനമുക്തമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഒ.ഡി.എഫ് സംബന്ധിച്ച കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ സര്‍വേയില്‍ ശൗചാലയമില്ലാത്ത 565 കുടുംബങ്ങളാണ് മുനിസിപ്പാലിറ്റിയിലുള്ളതായി കണ്ടത്തെിയത്. ഓരോ ശൗചാലയത്തിനും 15400 രൂപ വീതം നല്‍കിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. ഇതില്‍ 10067 രൂപ നഗരസഭയും 5333 രൂപ സ്വച്ഛ് ഭാരത് (അര്‍ബന്‍) വിഹിതമായും നല്‍കും. മൂന്ന് ഘട്ടമായാണ് തുക അനുവദിക്കുക. ഗ്രാമപഞ്ചായത്തുകളില്‍ നവംബറിന് മുമ്പും നഗരസഭകളില്‍ അടുത്ത മാര്‍ച്ചോടെയും ഒ.ഡി.എഫ് പ്രഖ്യാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, കരുനാഗപ്പള്ളി നഗരസഭ ഗ്രാമപ്രദേശങ്ങളോടൊപ്പം നവംബറിന് മുമ്പ് തന്നെ ഒ.ഡി.എഫ് പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍പേഴ്സന്‍ എം. ശോഭന പറഞ്ഞു. ശൗചാലയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നഗരസഭാ-വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കുടുംബശ്രീ, ആശാപ്രവര്‍ത്തകരെയും സന്നദ്ധസംഘടനാ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വാര്‍ഡ്തലത്തില്‍ സഹായ സമിതികള്‍ രൂപവത്കരിച്ച് ശൗചാലയങ്ങളുടെ നിര്‍മാണം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ പദ്ധതി വിശദീകരിച്ച ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്ററായ അസി. ഡെവലപ്മെന്‍റ് കമീഷണര്‍ ജി. കൃഷ്ണകുമാര്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്സന്‍ ഷക്കീല സലാം അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുബൈദ കുഞ്ഞുമോന്‍, സെക്രട്ടറി ഷെര്‍ലാബീഗം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സലിംഷാ, നോഡല്‍ ഓഫിസര്‍ വി.എസ്. വിനോദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.