ഗുരുശിഷ്യ ബന്ധത്തിന്‍െറ ദൃഢത വീണ്ടെടുക്കണം –വെള്ളാപ്പള്ളി

കൊല്ലം: ഗുരുശിഷ്യ ബന്ധത്തിന്‍െറ ഊഷ്മളതയും ദൃഢതയും വീണ്ടെടുക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊല്ലം എസ്.എന്‍ കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഗുരുശിഷ്യ സംഗമവും ഗുരുവന്ദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 68 വര്‍ഷം മുമ്പ് എസ്.എന്‍ കോളജ് സ്ഥാപിക്കാന്‍ ആര്‍. ശങ്കറിന്‍െറ നേതൃത്വത്തില്‍ നടന്ന ഉല്‍പന്ന പിരിവിന്‍െറ സ്ക്വാഡ് ലീഡറായിരുന്നു താന്‍. ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് ആര്‍. ശങ്കര്‍ അന്നു നല്‍കിയ മഞ്ഞത്തൊപ്പി നിധി പോലെ സൂക്ഷിച്ചിരുന്നു. എസ്.എന്‍ കോളജിനെ ഇന്നു കാണുന്ന നിലയിലേക്കുയര്‍ത്തിയതില്‍ പഴയ അധ്യാപകരുടെ പങ്ക് വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ്. കോളജിന്‍െറ പശ്ചാത്തല വികസനത്തിനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിലും പൂര്‍വ വിദ്യാര്‍ഥി സംഘടന കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്‍റ് എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എല്‍.എ ഒക്ടോബര്‍ രണ്ട് കോളജിലെ പൂര്‍വ വിദ്യാര്‍ഥിദിനമായി പ്രഖ്യാപിച്ചു. എം. മുകേഷ് എം.എല്‍.എ ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. എസ്.എന്‍ കോളജില്‍ പഠിപ്പിച്ച മുഴുവന്‍ അധ്യാപകരെയും ആദരിച്ചു. ഡെല്‍റ്റ ഗ്രൂപ് ചെയര്‍മാന്‍ കബീര്‍ ജലാലുദ്ദീന്‍, കേരളശബ്ദം മാനേജിങ് എഡിറ്റര്‍ ഡോ.ബി.എ. രാജാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ.കെ.ബി. മനോജ്, റിട്ട. ടീച്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി പി.എന്‍. മുരളീധരന്‍, പൂര്‍വവിദ്യാര്‍ഥി സംഘടനാ സെക്രട്ടറി പി. ബാലചന്ദ്രന്‍, വൈസ് പ്രസിഡന്‍റ് രാജുകരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.