മിനി ഫിഷിങ് ഹാര്‍ബര്‍ പദ്ധതിക്കായി കാത്തിരിപ്പ് തുടരുന്നു

പരവൂര്‍: മിനി ഫിഷിങ് ഹാര്‍ബര്‍ പദ്ധതിക്കായി പരവൂരുകാര്‍ മൂന്നരപതിറ്റാണ്ടായി കാത്തിരിക്കുന്നു. മുക്കം മുതല്‍ വര്‍ക്കല വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാണ് തെക്കുംഭാഗത്ത് ഹാര്‍ബര്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ഏതാനും വര്‍ഷത്തിനുള്ളില്‍ കമീഷന്‍ ചെയ്യുമെന്ന പ്രഖ്യാപനത്തോടെ 1984ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ തറക്കല്ലിട്ടു. ശിലാസ്ഥാപനം നടത്തുന്ന കാലത്ത് വിശാലമായ കടല്‍ത്തീരമാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍, അന്നുണ്ടായിരുന്ന വിശാലമായ കടപ്പുറം ഇന്നില്ല. ആ ഭാഗത്ത് അമ്പത് മീറ്ററിലധികം കടലെടുത്തു. ഏതാനും വര്‍ഷം കൂടി കഴിഞ്ഞാല്‍ ശിലാഫലകവും സ്തൂപവും കടലെടുക്കുന്ന സ്ഥിതിയാണ്. നിലവില്‍ പരവൂര്‍ മത്സ്യഭവന്‍ സ്ഥിതിചെയ്യുന്ന സ്ഥലവും കൂടി പ്രയോജനപ്പെടുത്തിയാണ് നിര്‍ദിഷ്ട പദ്ധതി വിഭാവനം ചെയ്തത്. ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ എന്നത് ഫിഷിങ് ഹാര്‍ബര്‍ എന്ന അശയം വന്നപ്പോള്‍ കരഭാഗം കൂടുതലെടുക്കാതെ കടല്‍ നികത്തി ഹാര്‍ബര്‍ നിര്‍മിക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് സാധ്യതാപഠനം നടത്തിയ ശേഷമാണ് ഫിഷ് ലാന്‍ഡിങ് സെന്‍ററിന് ശിലാസ്ഥാപനം നടത്തിയത്. മാറിമാറി വന്ന സര്‍ക്കാറുകള്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ജി.എസ്. ജയലാല്‍ എം.എല്‍.എയുടെ ശ്രമഫലമായി സാധ്യതാപഠനത്തിന് വീണ്ടും തീരുമാനമുണ്ടായി. 18 ലക്ഷം രൂപയും അനുവദിച്ചു. ഈ ഘട്ടത്തിലാണ് ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ എന്നത് മിനി ഫിഷിങ് ഹാര്‍ബര്‍ എന്ന നിലയിലേക്ക് മാറിയത്. കടലിന്‍െറ ആഴം, തിരമാലകളുടെ ശക്തി, തീരത്തിന്‍െറ ഉറപ്പ്, ഹാര്‍ബര്‍ വരുമ്പോഴുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങള്‍ കടലില്‍ രണ്ടിടത്തായി സ്ഥാപിച്ചു. ഇതോടൊപ്പം ഹാര്‍ബര്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും പ്രാദേശികമായുണ്ടാകുന്ന വികസനസാധ്യതകളും പഠനവിധേയമാക്കുമെന്നായിരുന്നു വിവരം. യന്ത്രങ്ങള്‍ കടലില്‍ സ്ഥാപിച്ച് ഏതാനും മാസം കഴിഞ്ഞപ്പോള്‍ രണ്ടെണ്ണവും കാണാതായി. ഓരോ യന്ത്രത്തിനും അഞ്ചു ലക്ഷം രൂപ വിലവരും. ഇവ കാണാതായതിനെക്കുറിച്ച് ഒരുവിധ അന്വേഷണവും നടന്നില്ല. ഇവിടെ ഫിഷിങ് ഹാര്‍ബര്‍ നിര്‍മിക്കുന്നത് തടയാനും മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടുപോകാനുമുള്ള നീക്കത്തിന്‍െറ ഭാഗമാണ് സാധ്യതാപഠനം മുടക്കാനുള്ള ശ്രമങ്ങളെന്നാണ് സൂചന. തീരദേശവികസനത്തിന് ഊന്നല്‍ നല്‍കുമെന്ന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.