നോട്ടോട്ടം തുടരുന്നു; തിരക്കിന് നേരിയ ശമനം

കൊല്ലം: ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ അസാധുവാക്കിയതിന്‍െറ ഏഴാം ദിനത്തിലും ജനങ്ങളുടെ ദുരിതത്തിന് അറുതിയായില്ല. അസാധു നോട്ടുകള്‍ മാറിയെടുക്കാനും നിക്ഷേപിക്കാനും ചൊവ്വാഴ്ചയും ബാങ്കുകള്‍ക്ക് മുന്നില്‍ നിര രൂപപ്പെട്ടിരുന്നു. എന്നാല്‍, മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് തിരക്കിന് കുറവുണ്ടായിരുന്നെന്ന് മാത്രം. ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും നല്ല തിരക്കാണ് ബാങ്കുകളില്‍ അനുഭവപ്പെടുന്നത്. പോസ്റ്റ് ഓഫിസുകളിലും തിരക്ക് കുറവായിരുന്നു. മാറ്റിയെടുക്കാവുന്ന നോട്ടിന്‍െറ പരിധി 4500 ആക്കിയതോടെ ഇത്തരത്തില്‍ തുക മാറ്റിയെടുക്കാനാണ് കൂടുതല്‍ പേരും ചൊവ്വാഴ്ചയത്തെിയത്. എ.ടി.എമ്മുകളില്‍നിന്ന് 2500 രൂപ പിന്‍വലിക്കാമെന്ന് അറിയിപ്പുണ്ടായിട്ടും പല എ.ടി.എമ്മില്‍നിന്നും 2000 രൂപയേ പിന്‍വലിക്കാനായുള്ളൂ. എ.ടി.എമ്മുകളിലും പണമെടുക്കാന്‍ നീണ്ടനിരയായിരുന്നു. എ.ടി.എമ്മുകളില്‍ നിറക്കുന്ന പണം മണിക്കൂറുകള്‍ക്കകം തീരുന്നതാണ് ജനങ്ങളെ വലക്കുന്നത്. പണമുള്ള എ.ടി.എമ്മുകള്‍ തേടി ആവശ്യക്കാര്‍ ചൊവ്വാഴ്ചയും പരക്കം പായുകയായിരുന്നു. ഒരിടത്ത് പണമുണ്ടെന്നറിഞ്ഞ് അവിടെ ക്യൂവില്‍നിന്ന് കുറേ കഴിയുമ്പോള്‍ പണം തീര്‍ന്നു എന്നറിഞ്ഞ് അടുത്ത എ.ടി.എം തേടി പോകേണ്ട ദുരവസ്ഥ നേരിട്ടവര്‍ നിരവധിയാണ്. മിക്ക ബാങ്കിലും ടോക്കണ്‍ സമ്പ്രദായത്തിലാണ് മുന്‍ഗണനക്രമം ഏര്‍പ്പെടുത്തിയത്. ഇതുമൂലം ബാങ്കുകളില്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ പ്രത്യേക കൗണ്ടര്‍ തയാറാക്കി നോട്ടുകള്‍ മാറിയെടുക്കാനുള്ള ഫോറവും മറ്റും പൂരിപ്പിച്ച് നല്‍കാനും സൗകര്യം ഏര്‍പ്പെടുത്തി. നൂറിന്‍െറ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ ലഭിക്കുന്നുണ്ടെങ്കിലും അത് ലഭിക്കുന്നവര്‍ നോട്ട് ക്ഷാമം കണക്കിലെടുത്ത് അവശ്യകാര്യങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്. അതിനാല്‍ വ്യാപാര സ്ഥാപനങ്ങളുടെ മാന്ദ്യത്തിന് അറുതിയായിട്ടില്ല. നോട്ട് നിരോധം തുടങ്ങി ആദ്യദിവസങ്ങളിലെക്കാള്‍ കച്ചവടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അഞ്ഞൂറിന്‍െറ നോട്ടുകള്‍ എത്തുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് എല്ലാവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.