ഭരണിക്കാവില്‍ ബസ്സ്റ്റാന്‍ഡ് ഇന്നുമുതല്‍ പ്രവര്‍ത്തനക്ഷമമാകും

ശാസ്താംകോട്ട: എട്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ ഭരണിക്കാവിലെ പഞ്ചായത്ത് വക ബസ്സ്റ്റാന്‍ഡ് ചൊവ്വാഴ്ച മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ വിളിച്ച യോഗത്തിലെ തീരുമാനമനുസരിച്ചാണ് ബസ്സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഒരുകോടി ചെലവഴിച്ച് ശാസ്താംകോട്ട പഞ്ചായത്താണ് ഭരണിക്കാവിലെ ഒന്നരഏക്കര്‍ സ്ഥലത്ത് ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചത്. കെങ്കേമമായി ഉദ്ഘാടനം നടത്തിയെങ്കിലും സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിസ്സഹകരിച്ചതോടെ സ്റ്റാന്‍ഡ് ആര്‍ക്കും ഉപകാരപ്പെടാത്ത നിലയിലായി. കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭരണിക്കാവില്‍ ഇത്ര സൗകര്യപ്രദമായി സ്ഥിതിചെയ്യുന്ന ബസ്സ്റ്റാന്‍ഡ് ഉപയോഗിച്ചുതുടങ്ങാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോവൂര്‍ കുഞ്ഞുമോന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചത്. ടൗണിലെ പാര്‍ക്കിങ് പൂര്‍ണമായും ഇല്ലാതാക്കിയും എല്ലാ സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളും ബസ് സ്റ്റാന്‍ഡില്‍ കയറിയും യാത്രതുടരണമെന്ന ധാരണയാണ് യോഗത്തില്‍ ഉണ്ടായത്. ചൊവ്വാഴ്ച മുതല്‍ നടപ്പാക്കാനും സ്വകാര്യബസുടമകളും കെ.എസ്.ആര്‍.ടി.സി അധികൃതരും സമ്മതിച്ചു. എന്നാല്‍ ഇതിനോട് യോജിപ്പില്ളെന്നും ബസ്സ്റ്റാന്‍ഡിന്‍െറ അനുബന്ധ റോഡിന്‍െറ അപകടാവസ്ഥ മാറ്റാതെ ബസുകള്‍ കയറ്റില്ളെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്‍റ് സഫാ അഷ്റഫ് പറഞ്ഞു. ഇതേസമയം എം.എല്‍.എയുടെയും പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും സാന്നിധ്യത്തില്‍ എത്തിച്ചേര്‍ന്ന തീരുമാനം നടപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി വ്യക്തമായ ധാരണയുണ്ടെന്നും മുഴുവന്‍ സ്വകാര്യബസുകളും സ്റ്റാന്‍ഡില്‍ കയറുമെന്നും കുന്നത്തൂര്‍ ജോയന്‍റ് ആര്‍.ടി.ഒ ഇന്‍ ചാര്‍ജ് എം.ജി. മനോജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.